നെയ്യാറ്രിൻകര: മതവും മത വികാരവും വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്നും രാഷ്ട്രീയം അിന്റെ വഴിയേ പോകണമെന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആനാവൂർ തേരണി എസ്.എൻ.ഡി.പി ശാഖാ ഗുരു മന്ദിരത്തിലെ പ്രതിഷ്ഠയുടെയും വിനായക പ്രതിഷ്ഠയുടെയും ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാമനെ ആരാധിക്കുന്ന ആളാണ് ഞാൻ. ആ നിലയിലാണ് രാമക്ഷേത്ര പ്രതിഷ്ഠയെ പിന്തുണച്ചത്. ഞാനും ഒരു ക്ഷേത്രത്തിലെ യജമാനനാണ്. ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട നടപടികൾ രഹസ്യമായിരുന്നില്ല. ഒരാൾക്ക് വേണ്ടിയല്ല എല്ലാവർക്കും വേണ്ടിയാണ് ക്ഷേത്രം നിർമ്മിച്ചത്.. രാമൻ വനവാസത്തിന് പോകുമ്പോൾ വള്ളത്തിന്റെ കടത്തുകാരൻ പട്ടികവർഗ്ഗക്കാരനായിരുന്നു. അദ്ദേഹത്തെ ശ്രീരാമചന്ദ്രൻ കെട്ടിപ്പിടിച്ചു. നീതിമാനായ ഭരണാധികാരിയായിരുന്നു ശ്രീരാമചന്ദ്രനെന്നാണ് ഇത് വ്യക്തമാക്കുന്നത്.മാദ്ധ്യമങ്ങൾ വാർത്ത നൽകുന്ന കാര്യത്തിൽ ഇരട്ടത്താപ്പും വിവേചനവും കാട്ടുന്നുണ്ട്. അവശ ജനതയ്ക്ക് വേണ്ടി സംസാരിക്കുന്ന പത്രം കേരള കൗമുദിയാണ്. ഇവിടത്തെ സമ്പത്തെല്ലാം ഒരു വിഭാഗം മാത്രമാണ് കൊണ്ടുപോകുന്നത്. . ഡോ. പൽപ്പുവിനോടു പോലും വിവേചനം കാണിച്ച നാടാണ് നമ്മുടേത്- വെള്ളാപ്പള്ളി പറഞ്ഞു.
യൂത്ത്മൂവ്മെന്റ് പ്രവർത്തനങ്ങൾക്ക് 50, 000 രൂപ അനുവദിച്ചു. . ശാഖാ പ്രസിഡന്റ് എസ് .സുരേഷ്കുമാർ അദ്ധൃക്ഷനായിരുന്നു. കേരളകൗമുദി യൂണിറ്റ് ചീഫ്.എസ്.വിക്രമൻ, യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി.ബി.ശ്രീകണ്ഠൻ, പാറശ്ശാല യൂണിയൻ വൈസ് പ്രസിഡന്റ് വി.കൃഷ്ണൻകുട്ടി, യൂണിയൻ കൗൺസിലർ ആർ, രാജേന്ദ്രബാബു, ജയൻ.എസ്.ഊരമ്പ്, യൂത്ത് മൂവ്മെന്റ് മുൻ യൂണിയൻ പ്രസിഡന്റ് എസ്.ശ്രീകണ്ഠൻ, ലാൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു. യോഗം പാറശ്ശാല യൂണിയൻ പ്രസിഡന്റ് ,എ.പി.വിനോദ് സ്വാഗതവും ശാഖാ സെക്രട്ടറി ഷിബു.വി.പണിക്കർ നന്ദിയും പറഞ്ഞു.