k-surendran

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തുന്ന കേരള പദയാത്ര 27ന് കാസർകോട്ടു നിന്ന് ആരംഭിക്കും. ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 27ന് പാലക്കാട് മണ്ഡലത്തിലാണ് സമാപനയാത്ര. സമാപന സമ്മേളനത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും.

തിരുവനന്തപുരത്ത് ഫെബ്രുവരി 12നാണ് യാത്ര എത്തുക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യപ്രഭാഷണം നടത്തും. ബി.ജെ.പി. സംസ്ഥാന സമിതി ഒാഫീസ് ഉദ്ഘാടനവും അമിത് ഷാ നിർവ്വഹിക്കും. പഴയ മാരാർജിഭവൻ നിന്നയിടത്ത് നിർമ്മിച്ച പുതിയ സംസ്ഥാന കമ്മിറ്റി ഒാഫീസിൽ വിപുലമായ സൗകര്യങ്ങളുണ്ട്.

മറ്റ് ജില്ലകളിലെ പദയാത്രയാ പരിപാടികളിൽ ദേശീയ നേതാക്കളായ നിർമ്മല സീതാരാമൻ, രാജ്നാഥ് സിംഗ് തുടങ്ങിയവരും പങ്കെടുക്കും.

കേന്ദ്രത്തിൽ മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ കേരളത്തിൽ നടപ്പാക്കേണ്ട വികസന പദ്ധതികളും ആവശ്യങ്ങളും മുൻനിറുത്തിയാണ് കെ.സുരേന്ദ്രന്റെ പദയാത്ര. ലോകസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന യാത്രയിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി ചർച്ച, വികസന സെമിനാർ,അഭിപ്രായ രൂപീകരണം, പ്രചരണ പദയാത്ര എന്നിവയാണ് പരിപാടികൾ.

ഇതോടൊപ്പം മോദി ഗാരിന്റി എന്ന പേരിൽ പ്രചാരണ വാഹനവും ഉണ്ടാകും. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളിൽ അർഹരായാവർക്ക് ചേരാനുള്ള സൗകര്യം പ്രചരണവാഹനത്തിൽ ഉണ്ടാകും. ആർക്കുവേണമെങ്കിലും യാത്രയ്‌ക്കിടെ വാഹനത്തെ സമീപിച്ച് കേന്ദ്രാനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. സമാപന പരിപാടിയിൽ മറ്റ് പാർട്ടികളിലെ പ്രവർത്തകരേയും നേതാക്കളേയും ബി.ജെ.പി.യിലേക്ക് സ്വീകരിക്കുന്ന ചടങ്ങും ഉണ്ടാകും. കേരളം വികസിക്കണമെങ്കിൽ ബി.ജെ.പി.യെ ജയിപ്പിക്കണം എന്നാണ് യാത്രയുടെ സന്ദേശം. പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലും കൊച്ചിയിലും നടത്തിയ റാലികളുടെയും അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന വാഗ്ദാനം പാലിച്ചതിന്റെയും അനുകൂലസാഹചര്യം രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയും യാത്രയുടെ ലക്ഷ്യമാണ്. യാത്ര സമാപിക്കുന്നതോടെ ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടക്കും.