കല്ലറ:തരിശുരഹിത കേരളത്തിനായി ത്രിതല പഞ്ചായത്ത് തലത്തിൽ കൃഷി വകുപ്പിന്റെയും കാർഷിക കർമ്മസേനയുടെയും നേതൃത്വത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോഴും വന്യമൃഗശല്യം കാരണം കൃഷി ഉപേക്ഷിക്കുകയാണ് കർഷകർ. ലോണെടുത്തും പണയം വച്ചും കടം വാങ്ങിയുമൊക്കെ കൃഷി ചെയ്തവർ ഇപ്പോൾ കടക്കെണിയിലാണ്.കൃഷി ചെയ്ത നെല്ല് ഉൾപ്പെടെയുള്ള വിളകളെല്ലാം കാട്ടുപന്നികൾ നശിപ്പിച്ചു.കതിരായ നെല്ലുകളാണ് കൂട്ടത്തോടെ വയലുകളിലിറങ്ങി പന്നികൾ നശിപ്പിക്കുന്നത്.കൂടാതെ വയൽ വരമ്പുകൾ കുത്തി നശിപ്പിക്കുന്നതും പതിവാണ്.
വയലുകളിൽ മാത്രമല്ല കരപ്രദേശങ്ങളിൽ കൃഷി ചെയ്തിരിക്കുന്ന മരിച്ചീനി,വാഴ,ചേന,ചേമ്പ് തുടങ്ങി എല്ലാ വിളകളും കാട്ടുപന്നികൾ നശിപ്പിക്കുന്നത് പതിവാണ്.കാർഷിക നഷ്ടത്തിന് കൃഷി ഓഫീസിൽ പരാതി നൽകിയാലും ഫലമൊന്നുമില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.പഞ്ചായത്ത് തലത്തിൽ കാട്ടുപന്നി ശല്യം കൂടിയ പ്രദേശങ്ങളിൽ ഫോറസ്റ്റ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ നടപടി സ്വീകരിച്ചങ്കിലും ഒന്ന് രണ്ട് പ്രാവശ്യം നടപ്പിലാക്കി പിന്നീട് നിറുത്തലാക്കിയെന്നാണ് പരാതി.
പന്നി ശല്യം രൂക്ഷം
രാത്രികാലങ്ങളിൽ മാത്രം ഇറങ്ങിയിരുന്ന പന്നികൾ ഇപ്പോൾ പകൽ സമയങ്ങളിലും സജീവമാണ്. ഇവയെ പേടിച്ച് സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാനും ജനങ്ങൾ ഭയക്കുന്നു.സമീപ ദിവസങ്ങളിൽ നിരവധി പേരാണ് ഇവയുടെ അക്രമണത്തിന് ഇരയായത്.ഇതിൽ കൂടുതൽ പേരും വെളുപ്പിന് റബ്ബർ ടാപ്പിംഗിന് പോകുന്നവരാണ്, ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്.
കുരങ്ങ് ശല്യവും
പൊറുതി മുട്ടി ജനം
പാങ്ങോട് പഞ്ചായത്ത് നിവാസികളുടെ അവസ്ഥയാണിത്.തറയിൽ എന്ത് നട്ടാലും പന്നി നശിപ്പിക്കും. തെങ്ങിൽ കയറി വെള്ളയ്ക്ക ഉൾപ്പെടെ നശിപ്പിക്കുക, വീടിന് മുകളിലെ ഓടുകൾ എറിഞ്ഞുടയ്ക്കുക, പൈപ്പ് ലൈൻ വലിച്ചു പൊട്ടിക്കുക, വാട്ടർ ടാങ്കിൽ ഇറങ്ങി വെള്ളം ഉപയോഗശൂന്യമാക്കുക, തുണികൾ നശിപ്പിക്കുക തുടങ്ങിയ വികൃതികൾ കൊണ്ട് കുരങ്ങുകളും ഇവിടെയുള്ളവർക്ക് തലവേദനയാവുകയാണ്.കാട്ടുപോത്ത്,മയിൽ,കുരങ്ങ്,കാട്ടുപന്നി,പുലി തുടങ്ങി മൃഗങ്ങളും വേനൽക്കാലമായതോടെ നാട്ടിൽ തന്നെയാണ്.