
തിരുവനന്തപുരം: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാർ സ്ഥാപനത്തിലെ തൊഴിലാളികളുടെ മക്കളിൽ കലാ– കായിക- ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവർക്ക് (നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്സുകളിൽ പഠിക്കുന്നവർക്ക്) 2022-23 അദ്ധ്യയന വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കലാ- കായിക- ശാസ്ത്രരംഗത്ത് സംസ്ഥാന തലത്തിലും, സർവകലാശാല തലത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.
അബ്കാരി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കൾ, ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസുകളിൽ നിന്നു സൗജന്യമായി ലഭിക്കുന്ന ഫോറം വാങ്ങി പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകർപ്പുകൾ, വിദ്യാർത്ഥിയുടെ ബാങ്ക് പാസ് ബുക്ക്, സർട്ടിഫിക്കറ്റ് (കലാ- കായിക- ശാസ്ത്രരംഗം) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ഫെബ്രുവരി 29നു വൈകിട്ട് അഞ്ചിനു മുമ്പ് ബന്ധപ്പെട്ട മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാർക്ക് സമർപ്പിക്കണം.
അപൂർണമായതോ നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2460667 (തിരുവനന്തപുരം), 0484 2368531 (എറണാകുളം), 0495 2768094 (കോഴിക്കോട്).