തിരുവനന്തപുരം: റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനങ്ങൾ നടത്തണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു. പി.നിതിൻ,​ പി.വിവേക്,​ ബൈജു,​നിഷാദ്,​ അജേഷ്,​നിതിൻ,​ വിനീഷ്,​ റിജോ ജോസ് എന്നിവരാണ് മുട്ടിലിഴഞ്ഞത്. ലിസ്റ്റിൽ പേരുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാതെ ലിസ്റ്റ് റദ്ദാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. 2021 ൽ വന്ന 128 പേരുടെ റാങ്ക് ലിസ്റ്റിൽ നിന്നും 79 പേർക്കു മാത്രമാണ് നിയമനം നൽകിയത്. ശേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കു നിയമനം നൽകുന്നതിന് പകരം ഒഴിവുള്ള പോസ്റ്റുകളിലേക്ക് താത്കാലിക നിയമനം നടത്തുകയാണ് ചെയ്തതെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. നിലവിൽ 682 വാഹനങ്ങളാണ് വനം വകുപ്പിലുള്ളത്. ഇതിൽ 259 വാഹനങ്ങൾക്കുമാത്രമേ സ്ഥിരം തസ്തികയുള്ളൂ. യാതൊരു അടിസ്ഥാന യോഗ്യതയുമില്ലാതെ 341 താത്‌കാലിക ജോലിക്കാർ ഡിപ്പാർട്ട്‌മെന്റിൽ ഇപ്പോൾ വാഹനങ്ങൾ വാഹനങ്ങൾ ഓടിക്കുന്നുണ്ട്. എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും യോഗ്യത നേടിയ ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് സർക്കാരിന്റെ ഈ നടപടിയെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.