തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിലാണ് ഇനി ശ്രദ്ധിക്കുകയെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. നഗരത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗുണഭോക്താക്കൾക്ക് ഇ-ഓട്ടോകൾ സൗജന്യമായി വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിവേഗത്തിൽ കാർബൺ ബഹിർഗമനം കുറയ്‌ക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനാണ് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നത്. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കാതെ വാഹനങ്ങളെ മാറ്റുകയെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നഗരമാണ് തിരുവനന്തപുരമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌മാർട്ട്സിറ്റി പദ്ധതിയുടെ നേതൃത്വത്തിൽ 100 ഇ-ഒാട്ടോകൾ നൽകുന്നതിന്റെ ആദ്യഘട്ടമായി ഇന്നലെ ഒമ്പതെണ്ണമാണ് വിതരണം ചെയ്‌തത്.
കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡാണ് ഇ-ഓട്ടോകൾ നിർമ്മിച്ചത്. നഗരസഭയിൽ നടന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷയായി. സ്‌മാർട്ട്സിറ്റി സി.ഇ.ഒ രാഹുൽകൃഷ്ണ ശർമ്മ,ഡെപ്യൂട്ടി മേയർ പി.കെ.രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ക്ലൈനസ് റൊസാരിയോ, ഗായത്രി ബാബു, ഷാജിത നാസർ, മേടയിൽ വിക്രമൻ, സി.എസ്.സുജാദേവി, പാളയം രാജൻ, എസ്.എസ്.ശരണ്യ,സെക്രട്ടറി ബിനു ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.