
കോവളം: തിരുവല്ലത്ത് കഴിഞ്ഞമാസം ഷഹ്ന എന്ന യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഒരുമാസമായി ഒളിവിലായിരുന്ന ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ. ഭർത്താവ് കാട്ടാക്കട മാർക്കറ്റ് റോഡ് എസ്.എൻ ഹൗസിൽ നൗഫൽ (27),നൗഫലിന്റെ മാതാവ് സുനിത (50), നൗഫലിന്റെ പിതാവ് നജീം (51) എന്നിവരാണ് പിടിയിലായത്. കണ്ടലയിലെ ഒരു വീട്ടിൽ നിന്നാണ് ഇന്നലെ പ്രതികളെ പിടികൂടിയത്.
കർണാടക,തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതികൾ മാറി മാറി താമസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാളെ ജാമ്യാപേക്ഷ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായി പോയി തിരികെ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. ഗാർഹിക പീഡനത്തെ തുടർന്നാണ് ഷഹ്ന ആത്മഹത്യ ചെയ്‌തതെന്ന് ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. യുവതി ആത്മഹത്യ ചെയ്‌തതിനു പിന്നാലെയാണ് നൗഫലും കുടുംബവും ഒളിവിൽപ്പോയത്.
2020ൽ വീട്ടുകാരുടെ സമ്മതത്തോടെയാണ് നൗഫൽ-ഷഹ്ന ദമ്പതികളുടെ വിവാഹം നടന്നത്. പിന്നീട് ഷഹ്‌നയുടെ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി പോരെന്നുപറഞ്ഞ് പരിഹസിക്കുമായിരുന്നു, പരിഹാസം പീഡനമായി മാറിയിട്ടും നൗഫൽ തടഞ്ഞില്ലെന്നും നൗഫലിന്റെ ചികിത്സയ്‌ക്കായി പോയ സമയത്ത് ഷഹ്നയെ ആശുപത്രിയിൽ വച്ച് നൗഫലിന്റെ ഉമ്മ മർദ്ദിച്ചെന്നുമാണ് ബന്ധുക്കൾ ആരോപിച്ചത്. തുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. സംഭവദിവസം ഷഹ്നയുടെ വീട്ടിലെത്തിയ നൗഫൽ തന്റെ വീട്ടിൽ നടക്കുന്ന സഹോദരന്റെ മകന്റെ പിറന്നാൾ ചടങ്ങിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും ഷഹ്ന കൂട്ടാക്കിയില്ല.
തുടർന്ന് രണ്ടര വയസുള്ള മകനുമായി വീട്ടിലേക്ക് പോയ നൗഫൽ അരമണിക്കൂറിൽ വീട്ടിലെത്തിയില്ലെങ്കിൽ ഷഹ്നയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്ന് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. പിന്നാലെയാണ് മുറിയിൽ കയറി വാതിലടച്ച ഷഹ്ന ആത്മഹത്യ ചെയ്‌തത്. തിരുവല്ലം സി.ഐ രാഹുൽ ചന്ദ്രൻ,എസ്.ഐമാരായ അനൂപ്,തോമസ്,എ.എസ്.ഐമാരായ സുബാഷ്,ശ്രീകുമാർ എസ്.സി.പി.ഒ വിനയൻ,ഷിജു,രാമു,സി.ഒ.ഒ ബിജേഷ് എന്നിവരടുങ്ങുന്ന സംഘം പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.