തിരുവനന്തപുരം: സാഹിത്യ-സാമൂഹിക രംഗങ്ങളിൽ വിപ്ലവം സൃഷ്ടിച്ച കവിയാണ് കുമാരനാശാനെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഡോ.ശശി തരൂർ എം.പി. കെ.പി.സി.സി വിചാർ വിഭാഗ് സംഘടിപ്പിച്ച 'മാറ്റുവിൻ ചട്ടങ്ങളെ ' കുമാരനാശാൻ ചരമ ശതാബ്ദി സ്മരണ അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തിന്റെ മേഖലയിൽ ഒതുങ്ങി നിൽക്കാതെ താൻ ആഗ്രഹിച്ച സമൂഹം കെട്ടിപ്പടുക്കാൻ പരിശ്രമിച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു ആശാൻ. വർത്തമാനകാല ഭാരതത്തിൽ അദ്ദേഹത്തിന്റെ വാക്കിനും പ്രവൃത്തിക്കും പ്രസക്തിയേറുകയാണ് - തരൂർ പറഞ്ഞു.
ജനാധിപത്യ, മതേതര സംസ്‌കാരത്തിന്റെ നാദമുയർത്തിയ കർമ്മയോഗിയായ മഹാകവിയായിരുന്നു കുമാരനാശാനെന്ന് ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാവ്യകലയുടെ മർമ്മം തിരിച്ചറിഞ്ഞും കർമ്മരംഗത്തെ ധർമ്മം ഏറ്റെടുത്തും അദ്ദേഹം നിർവഹിച്ച സാമൂഹിക, സാംസ്‌കാരിക ദൗത്യങ്ങൾ പ്രബുദ്ധതയുടെ വികാസത്തിന് കനപ്പെട്ട സംഭാവനകളാണ് നൽകിയത്. ഡി.സി.സി പ്രസിഡന്റ് പാലോട് രവി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ. ഓമനക്കുട്ടി, കാവാലം ശ്രീകുമാർ, പന്തളം ബാലൻ എന്നിവർ കുമാരനാശാൻ കവിതകൾ ആലപിച്ചുകൊണ്ടാണ് ശതാബ്ദി സ്മരണ ആരംഭിച്ചത്. വി.എസ്.ശിവകുമാർ, പന്തളം സുധാകരൻ, ഡോ.എം.ആർ. തമ്പാൻ, നെയ്യാറ്റിൻകര സനൽ, ഡോ. ബെറ്റിമോൾ മാത്യു, കൃഷ്ണകുമാർ, വി.കെ.രാജു, ശ്രീകണ്ഠൻ നായർ തുടങ്ങിയവർ സംസാരിച്ചു.