k-m-laji

വർക്കല: പാപനാശവും ക്ലിഫ് പരിസരവും മാലിന്യമുക്തമായി സംരക്ഷിക്കാൻ ശുചീകരണ പ്രവർത്തനങ്ങൾ വർക്കല നഗരസഭ കാര്യക്ഷമമാക്കി. നവകേരളനിധി പദ്ധതി പ്രകാരം 12 ശുചീകരണ തൊഴിലാളികളെകൂടി പുതുതായി നിയമിച്ചു. ഇതോടെ 30 പേരുടെ സേവനം പ്രദേശത്ത് ലഭ്യമാകും. ഇവർക്കുള്ള യൂണിഫോമും വേസ്റ്റ് ബിന്നുകളും കൈമാറിക്കൊണ്ട് നഗരസഭ ചെയർമാൻ കെ .എം ലാജി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ആരാധനാലയങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും മാലിന്യമുക്തമാക്കാൻ നഗരസഭകളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന സ്വച്ച് തീർത്ഥ് ശുചീകരണ പരിപാടിക്കും ഇതോടൊപ്പം തുടക്കമായി. ജൈവ,അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുവാൻ വെവ്വേറെ ബിന്നുകളും വിനോദ സഞ്ചാര മേഖലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഡി. പ്രസന്നകുമാർ,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ഷെറിൻ, അനീഷ്, ഹാസ്മി, മുബാറക്, കൗൺസിലർമാരായ വി.നിതിൻനായർ, സി.അജയകുമാർ, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.