തിരുവനന്തപുരം; അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കമാകും.യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ജൈവ സഞ്ചയ മേഖലയായി പ്രഖ്യാപിച്ച അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ ഹൃദയഭാഗമായ അഗസ്ത്യാർകൂടത്തിലേക്കുള്ള ട്രെക്കിംഗ് മൂന്നുദിവസം നീണ്ടുനിൽക്കും. ബോണക്കാട് പിക്കറ്റിംഗ് സ്റ്റേഷനിൽ രാവിലെ 7 മുതൽ ചെക്കിംഗ് ആരംഭിക്കും. ഒൻപത് മണിക്കാണ് യാത്ര തുടങ്ങുന്നത്. ടിക്കറ്റ് പ്രിന്റ് ഔട്ട്, ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്ത ഐ.ഡി, മെഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് എന്നിവ യാത്രികർ കരുതണം. ഒന്നാം ദിവസം അതിരുമല ബേസ് ക്യാമ്പിൽ താമസിക്കാം.രണ്ടാം ദിവസം രാവിലെ ആറ് കിലോമീറ്റർ മല കയറി അഗസ്ത്യാർകൂടത്തിൽ പ്രവേശിച്ച ശേഷം തിരികെ അതിരുമല ബേസ് ക്യാമ്പിൽ താമസിച്ച് മൂന്നാം ദിവസം ബോണക്കാട്ടേക്ക് മടക്കയാത്ര എന്ന രീതിയിലാണ് ഏകീകരിച്ചിരിക്കുന്നത്.
വന്യമൃഗങ്ങൾ ആകർഷിക്കാത്ത വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കേണ്ടതും സുഗന്ധദ്രവ്യങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതുമാണ്. ട്രക്കിംഗ് ഷൂസ്, മഴ പ്രതിരോധിക്കാനുള്ള റെയിൻ കോട്ട്, ടോർച്ച്, ബെഡ്ഷീറ്റ് / സ്ലീപ്പിംഗ് ബാഗ്,ശുദ്ധജലത്തിനായി സ്റ്റീൽ കുപ്പികൾ എന്നിവ കരുതണം.റെഗുലർ സീസൺ ട്രക്കിംഗിന് പുറമെ സ്‌പെഷ്യൽ പാക്കേജ് ട്രക്കിംഗും വനം വകുപ്പ് നടത്തുന്നുണ്ട്. തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡിന്റെ ഓഫീസിൽ നേരിട്ട് എത്തി ടിക്കറ്റ് ബുക്ക് ചെയ്യാം.