
ശ്രമിച്ചത് 4000 കോടിക്ക് , പ്രതിസന്ധി അതിരൂക്ഷം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മുറുകിയ പശ്ചാത്തലത്തിൽ ട്രഷറി നീക്കിയിരിപ്പിൽ നിന്ന് നാലായിരം കോടിരൂപ വായ്പ എടുക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കവും കേന്ദ്രം തടഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇതിന്റെ അറിയിപ്പ് കിട്ടിയത്.
ഈ സാമ്പത്തിക വർഷം പതിനായിരം കോടി എടുക്കാൻ കഴിയുമായിരുന്നു. നാലായിരം കോടി സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ എടുത്തിരുന്നു. മൂന്നു വർഷത്തെ ശരാശരി കണക്കാക്കുമ്പോൾ പരിധി കഴിഞ്ഞെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. 2021ൽ 13000 കോടി എടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കിയത്. ശമ്പള പരിഷ്കരണം നടപ്പാക്കിയ സാഹചര്യത്തിലായിരുന്നു അന്ന് കൂടുതൽ തുക എടുത്തത്.
നിലവിലെ നിബന്ധന പ്രകാരം 1000 കോടി രൂപ മാത്രമേ പുറമേ നിന്ന് വായ്പ എടുക്കാൻ ബാക്കിയുള്ളൂ. ഈ പ്രതിസന്ധി മറികടക്കാൻ ട്രഷറി നീക്കിയിരുപ്പ് ഉപകരിക്കുമെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ. അതാണ് തകിടം മറിഞ്ഞത്. ഇനി പ്രതീക്ഷയുള്ളത് വൈദ്യുതി മേഖലയിലെ നവീകരണം മാനദണ്ഡമാക്കി കേരളത്തിന് കിട്ടാനുള്ള 4065കോടി രൂപയിലാണ്. പക്ഷേ, അത് ഒന്നിനും തികയില്ല.
ബഡ്ജറ്റ് അവതരിപ്പിക്കാനിരിക്കെ, സംസ്ഥാനത്തിന്റെ ധനസ്ഥിതി മുമ്പെങ്ങുമില്ലാത്തവിധം ഞെരുക്കത്തിലായി. പുതുവർഷം തുടങ്ങിയത് മുതൽ ട്രഷറി ഓവർഡ്രാഫ്റ്റിലാണ്. 1644കോടിവരെ ഓവർഡ്രാഫ്റ്റ് എടുക്കാം. രണ്ടാഴ്ചക്കുള്ളിൽ ഓവർഡ്രാഫ്റ്റ് ഒഴിവാക്കിയില്ലെങ്കിൽ ശമ്പളവിതരണം പ്രതിസന്ധിയിലാവും.
2017 മുതലാണ് ട്രഷറി നീക്കിയിരുപ്പ് വായ്പാപരിധിയുമായി ബന്ധിപ്പിച്ചത്. ആദ്യം ഒരു വർഷത്തെ വായ്പയാണ് പരിധിക്ക് അടിസ്ഥാനമാക്കിയത്. പിന്നീടത് മൂന്ന് വർഷത്തെ ശരാശരിയാക്കി. കഴിഞ്ഞ വർഷം 9000കോടിയും ഈ വർഷം 6000കോടിയും മാത്രമാണ് സംസ്ഥാനം വായ്പ എടുത്തത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും പിൻവലിക്കാൻ കഴിയുമായിരുന്ന ബാക്കിത്തുകയുടെ ആനുകൂല്യം ഇപ്പോൾ പ്രയോജനപ്പെടുത്താനാണ് സംസ്ഥാനം തീരുമാനിച്ചത്. പക്ഷേ, അടുത്ത വർഷം മുതലേ അതിന്റെ ഗുണം കിട്ടൂ എന്നാണ് കേന്ദ്രം പറയുന്നത്.
ലഭ്യമായത് നേടിയിട്ടും പ്രതിസദ്ധി: ധനമന്ത്രി
സംസ്ഥാനത്തിന് ലഭ്യമായ വരുമാനം പൂർണ്ണമായും നേടിയെടുത്തു. എന്നിട്ടും പ്രതിസന്ധി തീരുന്നില്ലെന്ന് ബഡ്ജറ്റിന് മുന്നോടിയായ കണക്കെടുപ്പിനുശേഷം ധനമന്ത്രി
മൊത്തം ചെലവിന്റെ 72% സംസ്ഥാനം കണ്ടെത്തുന്നുണ്ട്. 176000 കോടിയാണ് സംസ്ഥാനത്തിന്റെ മൊത്തം ചെലവ്
35000 കോടിയുടെ വായ്പക്കു പുറമേ, ഒന്നരലക്ഷം കോടിയാണ് കണ്ടെത്തേണ്ടത്. ഇതിൽ 57000 കോടിയും ഓരോ ന്യായം പറഞ്ഞ് കുറയ്ക്കുന്നു
38000കോടിയാണ് പദ്ധതി ചെലവ്. 53% മാത്രമാണ് തീർന്നത്. ശേഷിച്ച പദ്ധതി തീർക്കാൻ 19000കോടിയോളം വേണം
കുന്നുകൂടുന്ന ബാദ്ധ്യതകൾ
(തുക കോടിയിൽ )
# ജീവനക്കാരുടെയും
പെൻഷൻകാരുടെയും
ക്ഷാമബത്ത കുടിശിക...................................12696.13
# ശമ്പളപെൻഷൻ കുടിശിക....................... 6790
ആരോഗ്യസുരക്ഷാപെൻഷൻ...................... 732
തൊഴിലുറപ്പ് കുടിശിക........................................ 97
നെല്ല് സംഭരണകുടിശിക................................. 673
മറ്റ് ആനുകൂല്യങ്ങൾ.......................................... 3197
ക്ഷേമ പെൻഷൻ.................................................. 3600
പദ്ധതി ചെലവ്..................................................... 19000
ആകെ...................................................................... 46785