തിരുവനന്തപുരം: എം.എൽ.എ ഹോസ്റ്റലിലെ പൊളിച്ചുമാറ്റിയ 'പമ്പ' ബ്ലോക്കിന് പകരമായി ആധുനിക സൗകര്യങ്ങളുള്ള ബഹുനില മാളികയുടെ അടിത്തറ നിർമ്മാണം പുരോഗമിക്കുന്നു. ഇത് മാർച്ചോടെ പൂർത്തീകരിക്കും. 2023 ആഗസ്റ്റ് ഒന്നു മുതൽ 30 മാസമാണ് നിർമ്മാണത്തിനുള്ള കാലാവധി.

ആഗസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. 76.96 കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല 1971ൽ നിർമ്മിച്ചതാണ് നിലവിലുണ്ടായിരുന്ന പമ്പ ബ്ലോക്ക്. 51 വർഷം പഴക്കമുള്ള ഈ ഹോസ്റ്റൽ സമുച്ചയം നിന്നിടത്താണ് 13 നിലകളുള്ള പുതിയ കെട്ടിടമുയരുന്നത്.

പത്ത് നിലകളിലായി 60 ഫ്ളാറ്റുകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ നിലയിലും 1200 മുതൽ 1350 ചതുരശ്ര അടി വരെ വിസ്തൃതിയുള്ള ആറ് ഫ്ളാറ്റുകളാണുള്ളത്. ഒരോന്നിലും രണ്ട് കിടപ്പുമുറികൾ, ഒരു ഓഫീസ് മുറി, ഡൈനിംഗ് ഹാൾ, അടുക്കള, വർക്ക് ഏരിയ, സർവന്റ് ടോയ്‌ലെറ്റ്, ബാൽക്കണി എന്നിവയുമുണ്ട്.ഒന്നാം നിലയിൽ 80 പേർക്ക് ഇരിക്കാവുന്ന ഹാളും സ്റ്റേജും രണ്ട് സ്യൂട്ട് മുറികളും ജിംനേഷ്യവും വിശാലമായ ലോഞ്ചുമാണ് നിർമ്മിക്കുന്നത്. സെല്ലാറിലെ ഒന്നും രണ്ടും നിലകളിൽ 27 കാറുകൾ പാർക്ക് ചെയ്യാം. ഇതിനു പുറമേ, മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രത്തിൽ 29 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം.