
വെള്ളറട: കുന്നത്തുകാൽ പി. കുട്ടൻസാർ സ്മാരക പ്രാഥമിക വിദ്യാഭ്യാസ ഗവേഷണ കേന്ദ്രത്തിന് അത്യാധുനിക മന്ദിരം പൂർത്തിയായി. വിദ്യാർത്ഥികളിലെ ശാസ്ത്ര ബോധത്തിന് ആവശ്യമായ സഹായം നൽകുക എന്ന ലക്ഷ്യത്തോടെ കാരക്കോണത്ത് പ്രവർത്തിക്കുന്ന പ്രാഥമിക വിദ്യാഭ്യാസ ഗവേഷണ കേന്ദ്രത്തിന് സ്വന്തമായി അത്യാധുനിക രീതിയിലുള്ള മന്ദിരമാണ് പണികഴിപ്പിച്ചത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് മന്ദിര നിർമ്മാണവും മറ്റു സംവിധാനങ്ങളും ഒരുക്കിയത്. ആദ്യ ഘട്ടത്തിൽ 1.5 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്.
ഗ്രാമങ്ങളിൽ ആദ്യത്തേത്
20 വർഷങ്ങൾക്കു മുമ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി. കുട്ടൻ എന്ന അദ്ധ്യാപകന്റെ നേതൃത്വത്തിൽ ശാസ്ത്രസ്നേഹികൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ചതാണ് ഗവേഷണ കേന്ദ്രം. ശാസ്ത്ര അദ്ധ്യാപകരായിരുന്ന രാമചന്ദ്രൻ, മുരുകേശൻ ആശാരി, വിൻസെന്റ്, ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകരായിരുന്ന അരവിന്ദാക്ഷൻ, വേലുക്കുട്ടി തുടങ്ങിയവരുടെ കഠിന പ്രയത്നത്തിലൂടെ സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഗ്രാമീണ മേഖലയിൽ ശാസ്ത്ര ഗവേഷണ കേന്ദ്രം പ്രവർത്തനം തുടർന്നത്.
വിദ്യാർത്ഥികൾക്ക് പരിശീലനം
വിവിധ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് ഇവിടെ പരിശീലനം നൽകുന്നത്. ലക്ഷങ്ങൾ വിലയുള്ള ദൂരദർശിനി ഉൾപ്പെടെയുള്ള ശാസ്ത്ര പരീക്ഷണ, നിരീക്ഷണ ഉപകരണങ്ങളും പതിനായിരത്തിലധികം ശാസ്ത്രഗ്രന്ഥങ്ങളും ഈ ഗവേഷണ കേന്ദ്രത്തിലുണ്ട്. ഈ സ്ഥാപനം ആരംഭിക്കുന്നതിന് നേതൃത്വം നൽകിയ പി. കുട്ടന്റെ സ്മരണാർത്ഥം പി. കുട്ടൻസാർ മെമ്മോറിയൽ ശാസ്ത്ര വിദ്യാഭ്യാസ പ്രാഥമിക ഗവേഷണ കേന്ദ്രം എന്ന പേരിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.