pamakode

മലയിൻകീഴ്: പാമാംകോട് പാലം അപകടാവസ്ഥയിലായിട്ട് കാലങ്ങൾ കഴിഞ്ഞു.126 വർഷം പിന്നിട്ട പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരം ഇനിയുമകലെ.
വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ പതിമ്മൂന്നാം വാർഡ് നേമം,പള്ളിച്ചൽ ഗ്രാമപഞ്ചായത്തുകളിലെ ഒന്നാം വാർഡ് എന്നിവയുടെ സംഗമസ്ഥാനത്താണ് പാമാംകോട് പാലം സ്ഥിതിചെയ്യുന്നത്.

എപ്പോൾ വേണമെങ്കിലും ഈ പാലം അ പകടത്തിലാകാം. പാലം സംരക്ഷിക്കുന്നതിനൊപ്പം പകരം സംവിധാനം വേണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും അപകടാവസ്ഥയ്ക്ക് മാറ്റമില്ല.

കാരണം കാലപ്പഴക്കം തന്നെ. പാമാംകോട് പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണമെന്ന് നവകേരള സദസിൽ നാട്ടുകാർ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴും നടപടിക്രമങ്ങൾ ഒച്ചിഴയും വേഗതയിലാണ് നടക്കുന്നത്.

പൊതുമരാമത്ത് ചീഫ് എൻജിനിയർ 6 കോടി 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിരുന്നു. ഇതിനായി ബഡ്ജറ്റിൽ തുക വകയിരുത്തി പാലം നിർമ്മിക്കുന്നതിനുള്ള ഭരണാനുമതി നൽകിയിട്ടുണ്ട്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടേയുള്ളൂ.എപ്പോൾ ശരിയാകുമെന്ന് ആർക്കുമറിയില്ല.റോഡിലെ വളവ് നിവർത്തി പുതിയ പാലം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

1898ൽ തുറന്ന പാലം

നേമം,കാട്ടാക്കട നിയോജക മണ്ഡലങ്ങളിലുൾപ്പെട്ട പാപ്പനംകോട് - മലയിൻകീഴ് റോഡ് ബന്ധിപ്പിക്കുന്ന

പാമാംകോട് പാലം 1898ൽ രാമവർമ്മ മഹാരാജാവിന്റെ കാലത്താണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

അപകഭീഷണിയിൽ

അപകഭീഷണി നേരിടുന്ന പാലത്തിലൂടെയുള്ള ഭാരമേറിയ വാഹനങ്ങളുടെ സഞ്ചാരം കർശനമായി നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമാണ്. മൂക്കുന്നിമല മിലിറ്ററി ഫയറിംഗ് സ്റ്റേഷനിലേക്കും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ധാരാളം വാഹനങ്ങൾ എത്തുന്നുണ്ട്.

പ്രധാന പാലം

തെക്കൻ മലയോര മേഖലകളായ കാട്ടാക്കട,ആര്യനാട്, കോട്ടൂർ,കുറ്റിച്ചൽ,വിളവൂർക്കൽ, മലയിൻകീഴ്,മാറനല്ലൂർ തുടങ്ങിയ സ്ഥലങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് പാമാംകോട് പാലം.

സംരക്ഷിക്കണം

ബ്രിട്ടീഷുകാരുടെ സാങ്കേതികവിദ്യയുടെ ഉത്തമ ഉദാഹരണമായ ഈ പാലത്തെ ഒരു സ്മാരകം പോലെ സംരക്ഷിച്ച് നിലനിറുത്തണമെന്ന ആവശ്യവും ശക്തമാണ്.