
പ്രജാക്ഷേമ തത്പരനായിരുന്നു തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിരതിരുനാൾ ബാലരാമവർമ്മ.
തന്റെ പ്രജകൾക്ക് ഏറ്റവും സൗകര്യപ്രദമായ സഞ്ചാരസൗകര്യം ഉറപ്പുവരുത്താനാണ് ട്രാവൻകൂർ സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെന്റ് ( ടി.എസ്എ.ടി.ഡി) എന്ന പേരിൽ ബസ് സർവീസിന് തുടക്കമിടുന്നത്. 1938 ഫെബ്രുവരി 21ന് തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കായിരുന്നു ആദ്യ സർവീസ്.
ലണ്ടൻ പാസഞ്ചർ ട്രാൻസ്‌പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപ്പറേറ്റിംഗ് സൂപ്രണ്ടായിരുന്ന ഇ.ജി. സാൾട്ടറിനെ 1937 സെപ്തംബർ 20ന് ഗതാഗതവകുപ്പിന്റെ സൂപ്രണ്ടായി നിയമിച്ചു. 60 ബസുകളാണ് ആദ്യ ഘട്ടത്തിലുണ്ടായിരുന്നത്. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എൻജിൻ ഘടിപ്പിച്ചവയായിരുന്നു ഇവ. സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ജീവനക്കാർ ചേർന്നാണ് ബസുകളുടെ ബോഡി നിർമ്മിച്ചത്. നൂറോളം ജീവനക്കാരെ ഇൻസ്പെക്ടർമാരും കണ്ടക്ടർമാരുമായി നിയമിച്ചുകൊണ്ടാണ് ഗതാഗത വകുപ്പ് ആരംഭിച്ചത്. അത് പിന്നീട് അങ്ങ് വളർന്ന് പന്തലിച്ചു. 1965 മാർച്ച് 15ന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്ഥാപിതമായതും സ്വയംഭരണ സ്ഥാപനമെന്ന നിലയ്ക്ക് അതിനെ ജനസേവനത്തിന് വിട്ടുകൊടുക്കുന്നതും.
ചുവപ്പ് പെയിന്റടിച്ച വണ്ടിയുടെ പള്ളയ്ക്ക് രണ്ട് ആനകളുടെ പടവും വച്ച് കേരളത്തിന്റെ പ്രധാന പാതകളിലും ഇടവഴികളിലും കുണുങ്ങിയോടുന്ന ആനവണ്ടികൾ ആദ്യം ജനങ്ങൾക്ക് കൗതുകമായി, പിന്നീട് അനിവാര്യമായി, ഒടുവിൽ ജീവിതത്തിന്റെ ഭാഗമായി. കേരളത്തെ മാതൃകയാക്കി മറ്റു പല സംസ്ഥാനങ്ങളും ഇതേ രീതിയിൽ സർവീസുകൾ തുടങ്ങി. പോകെപ്പോകെ ഇപ്പറഞ്ഞ കെ.എസ്.ആർ.ടി.സി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിൽ കൊടുക്കുന്ന, ഏറ്റവും വലിയ ദൈനംദിന വരുമാനമുണ്ടാക്കുന്ന വലിയ പ്രസ്ഥാനമായി മാറി. പറയാനും കേൾക്കാനും സുഖമുള്ള ചില ചരിത്രമാണ് ഇതുവരെ പറഞ്ഞത്.
പക്ഷേ ഇപ്പോഴത്തെ കെ.എസ്.ആർ.ടി.സിയുടെ സ്ഥിതിയോ. വണ്ടി ഓട്ടത്തിന് കുറവില്ല, പക്ഷേ പറയാനുള്ളത് നഷ്ടത്തിന്റെ കണക്കുകൾ മാത്രം, ജീവനക്കാർക്ക് സമയാസമയങ്ങളിൽ ശമ്പളമില്ല, വാർദ്ധക്യത്തിന്റെ അവശതയുമായി കഴിയുന്ന മുൻ ജീവനക്കാർക്ക് യഥാസമയം പെൻഷനുമില്ല. ആനവണ്ടി കോർപ്പറേഷന്റെ തലപ്പത്തു പലഘട്ടങ്ങളിലായി വന്ന മന്ത്രിമാർക്കോ എം.ഡിമാർക്കോ ഇത് നന്നാവണമെന്ന് ആഗ്രഹമില്ലാഞ്ഞല്ല. നന്നാവാൻ സമ്മതിക്കില്ലെന്ന് ചിലർക്ക് വാശിയുള്ളപോലെ. കാര്യത്തിലേക്ക് വരാം.
രണ്ടാം പിണറായി സർക്കാരിന്റെ രൂപീകരണ സമയത്ത് ചില ഘടകക്ഷികൾക്ക് മന്ത്രിസ്ഥാനം വീതിച്ചു നൽകി. സ്വന്തം നിലയിൽ ഒരു പഞ്ചായത്ത് വാർഡിൽ ഒരു മെമ്പറെ പോലും ജയിപ്പിക്കാൻ കെൽപ്പില്ലാത്ത, ലെറ്റർഹെഡ് പാർട്ടികൾക്കും മുന്നണി സംവിധാനത്തിന്റെ മാന്യതയുടെ പേരിൽ മന്ത്രിസ്ഥാനം കിട്ടാറുണ്ട്. മുന്നണി സംവിധാനമാവുമ്പോൾ ഇത്തരം ചില വിട്ടുവീഴ്ചകൾ വേണ്ടിവരും. പിളർന്ന് പിളർന്ന് ബ്രായ്ക്കറ്റിൽ ഇടാൻ അക്ഷരം തികയാതെ വന്ന പാർട്ടിയുടെ പിൻമുറക്കാരനാണ് ഇക്കുറി ആദ്യം ഗതാഗതവകുപ്പ് മന്ത്രിയായത്. നിശ്ചയിക്കപ്പെട്ട പ്രകാരം അദ്ദേഹത്തിന്റെ അനവദിക്കപ്പെട്ട കാലാവധി കഴിഞ്ഞപ്പോൾ അടുത്ത ആളെത്തി. കെ.ബി.ഗണേഷ് കുമാർ.
ചില്ലറക്കാരനല്ല, കീഴൂട്ട് രാമൻപിള്ളയുടെ ചെറുമകനും ആർ.ബാലകൃഷ്ണപിള്ളയുടെ മകനുമാണ് ഗണേഷ് കുമാർ. കേരള ആതിർത്തിയിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല കീഴൂട്ട് തറവാടിന്റെ സമ്പത്ത്. വീട്ടുമുറ്റത്തുണ്ടായിരുന്ന ആനകളുടെ എണ്ണം സംബന്ധിച്ച് വ്യത്യസ്തമായ കണക്കുകൾ പറയുന്നുണ്ടെങ്കിലും കുറെ ആനകളും അവയെ മേയ്ക്കാൻ കുറെ തോട്ടികളും അതിനൊത്ത പാപ്പാന്മാരുമൊക്കെ ഉണ്ടായിരുന്ന വലിയ തറവാട്. നാട്ടുകാർക്കും വലിയ മതിപ്പായിരുന്നു. ആ പ്രതാപത്തിന്റെ മാത്രം പിൻബലത്തിൽ മാത്രമല്ല ആർ.ബാലകൃഷ്ണപിള്ള രാഷ്ട്രീയ നേതാവായതും മന്ത്രിയായതുമൊന്നും. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന് രാഷ്ട്രീയപ്രവർത്തനത്തിന്റെ ത്വരയുണ്ടായിരുന്നു. ഏറെ ആനകൾ വീട്ടിലുണ്ടായിരുന്നെങ്കിലും അതിന്റെ തഴമ്പ് തനിക്കുള്ളതായി അവകാശപ്പെട്ടിട്ടില്ലെന്ന പ്രത്യേകതയും പിള്ളസാറിനുണ്ടായിരുന്നു. സിനിമയിൽ പ്രസക്തവും അപ്രസക്തവുമായ വേഷങ്ങളൊക്കെ ചെയ്ത പേരെടുത്തെങ്കിലും ആർ.ബാലകൃഷ്ണപിള്ളയെന്ന മഹാമേരുവിന്റെ വിലാസ പിൻബലത്തിലാണ് ഗണേഷ് കുമാർ രാഷ്ട്രീയത്തിലിറങ്ങുന്നത്. പിതാവ് സ്ഥാപിച്ച പാർട്ടിയുടെ പകരക്കാരനില്ലാത്ത അമരക്കാരനായി വിരാജിച്ചു വരുന്ന വഹയിലാണ് അദ്ദേഹത്തിന് വീണ്ടും ഒരു മന്ത്രി സ്ഥാനം കിട്ടുന്നത്. മുന്നണി വേറെയായിരുന്നെങ്കിലും മുമ്പും കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന് മന്ത്രിക്കസേര.
സിനിമയിൽ തരക്കേടില്ലാതെ അഭിനയിക്കാറുള്ള ഗണേഷ് കുമാർ ഇപ്പോൾ രാഷ്ട്രീയ ജീവിതത്തിലും ഫുൾടൈം അഭിനേതാവാണ്. അഞ്ചു തവണ ഒരേ മണ്ഡലത്തിൽ ജയിച്ച് നിയമസഭയിലെത്താനുള്ള ജനപിന്തുണ നിസാരമല്ല. പക്ഷേ കേരളം എന്നാൽ പത്തനാപുരത്തെ ജനങ്ങൾ മാത്രമാണെന്ന് അദ്ദേഹം ധരിച്ചു വശായിട്ടുണ്ട്. അദ്ദേഹത്തിന്റെ നടപ്പും ഇരിപ്പും ജീവിത ചര്യകളും വീട്ടിലെ കാറുകളും കളിപ്പാട്ടങ്ങളും വരെ ഒപ്പിയെടുത്ത് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ കൊഴുപ്പിക്കുന്നുമുണ്ട്. അതൊക്കെ ആയിക്കോട്ടെ, ലാലുഅലക്സ് പറയും പോലെ, പേഴ്സണൽ കാര്യങ്ങളല്ലെ. പക്ഷേ കൈകാര്യം ചെയ്യുന്ന വകുപ്പ് കെ.എസ്.ആർ.ടി.സിയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ ആശ്രയിക്കുന്ന സ്ഥാപനം. അതിനെ നന്നാക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമത്തിന് ആരും എതിരല്ല. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കിട്ടിയ കുറച്ച് ഇലക്ട്രിക് ബസുകൾ. അതിൽ 10 രൂപയ്ക്ക് അത്യാവശ്യ സ്ഥലങ്ങളിലേക്ക് യാത്ര . തിരുവനന്തപുരം നഗരത്തിൽ സാധാരണക്കാരന് വലിയ ആശ്വാസമാണ് ഈ സർവീസുകൾ. എന്തിന്റെ പേരിലെന്നറിയില്ല, ഗണേഷകുമാരൻ മന്ത്രിക്കസേരയിൽ അരചന്തിയിൽ ഇരിക്കുമ്പോൾ തന്നെ പ്രഖ്യാപിച്ചു, ഈ നിരക്ക് കൂട്ടണമെന്ന്. കോർപ്പറേഷന് ഇത് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. മാത്രമല്ല, കേന്ദ്ര സഹായത്തോടെ കിട്ടുന്ന ഇലക്ട്രിക് ബസുകൾ വാങ്ങേണ്ടതില്ലെന്നും അദ്ദേഹമങ്ങ് കൽപ്പിച്ചു. ഡീസൽ ബസുകളാണത്രേ ലാഭകരം. ചിത്തിരതിരുനാൾ പ്രജാക്ഷേമത്തിനാണ് ട്രാൻസ്പോർട്ട് സർവീസ് തുടങ്ങിയതെങ്കിലും പിന്നീട് പലർക്കും ആനവണ്ടി കറവപ്പശുവായ ചരിത്രം മറക്കാത്ത ഒരു തലമുറ ഇവിടെയുണ്ട്. കോർപ്പറേഷനെ ഊറ്റിപ്പിഴിഞ്ഞ് പടുത്തുയർത്തിയ സൗധങ്ങൾ ഇപ്പോഴുമുണ്ട് കൺമുന്നിൽ. കെ.എസ്.ആർ.ടി.സി ബസുകളുടെ പള്ളയ്ക്ക് രണ്ട് ആനകളുടെ ചിഹ്നം പതിച്ചിട്ടുള്ളത്, കീഴൂട്ടെ ആനമുതലാളിയുടെ മുഖമുദ്രയാണെന്ന് തെറ്റിദ്ധരിക്കരുത്.
കിഴക്കേ കോട്ടയ്ക്ക് സമീപം ആറേഴു നിലകളിൽ ഒരു മന്ദിരം പണിഞ്ഞ് കുറെപ്പേരെ ശമ്പളം കൊടുത്തിരുത്തിയിട്ടുണ്ടല്ലോ. റോഡിലോടുന്ന വണ്ടികളുടെ എണ്ണവും മണിമന്ദിരത്തിലിരിക്കുന്ന പ്രമാണിമാരുടെ എണ്ണവും തമ്മിൽ വല്ല പൊരുത്തവുമുണ്ടോ. നഗരത്തിലോടുന്ന പല ബസുകളും പോകുമ്പോൾ കശുവണ്ടി ഫാക്ടറികളുടെ ചിമ്മിനിയാണ് ഓർമ്മവരിക. ഒഴിഞ്ഞു മാറിയില്ലെങ്കിൽ പറക്കും തളിക സനിമയിലെ കന്യാസ്ത്രീകൾക്കുണ്ടായ മാറ്റമാവും റോഡിലൂടെ പോകുന്നവർക്കുണ്ടാവുക. ആനമുതലാളി കണ്ണ് തുറന്ന് ഇതൊക്കെയൊന്ന് കാണ്. നാക്കിന്റെ മാടമ്പിത്തരം പൊതുമദ്ധ്യത്തിൽ വിളമ്പും മുമ്പ് ചുറ്റുമൊന്ന് കണ്ണോടിക്ക്. കെ.എസ്.ആർ.ടി.സി ബസുകളിൽ നിത്യേന സഞ്ചരിക്കുന്ന സാധാരണക്കാരനെ ഒന്ന് മനസിലാക്ക്.
ഇതു കൂടി കേൾക്കണേ
അറിയാത്ത കുഞ്ഞ് ചൊറിയുമ്പോൾ അറിയും.നാക്ക് വളവളാ ഉഴറ്റാൻ ലൈസൻസ് വേണ്ടാത്ത നാട്ടിൽ എന്തും വമ്പു പറയാം.പക്ഷെ അത് സാധാരണക്കാരന്റെ നെഞ്ചത്തു കയറി നിന്നാവരുത്.