തിരുവനന്തപുരം: റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള ലഘുഭക്ഷണത്തിന്റെ ചെലവ് ചുരുക്കണമെന്ന് സർക്കാർ നിർദ്ദേശം. മൂന്ന് ദിവസത്തെ പരിശീലനത്തിലും ഫൈനൽ പരേഡിലും പങ്കെടുക്കുന്ന കുട്ടികൾക്ക് ലഘുഭക്ഷണം നൽകാനുള്ള തുകയിലാണ് മിച്ചം പിടിക്കൽ.

19ന് ഇറങ്ങിയ ഉത്തരവിലാണ് കുട്ടികൾക്ക് ലഘുഭക്ഷണത്തിനനുവദിച്ച തുക നിയന്ത്രിച്ച് ചെലവാക്കണമെന്ന് സർക്കാർ കളക്ടർമാരോട് നിർദ്ദേശിച്ചിരിക്കുന്നത്. പൊതുഭരണ പൊളിറ്റിക്കൽ വകുപ്പിൽ നിന്ന് തിരുവനന്തപുരത്തിന് ഒന്നരലക്ഷവും ബാക്കി ജില്ലകൾക്ക് 75,000 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പൗരപ്രമുഖർക്ക് ഓണസദ്യയും ക്രിസ്‌മസ് വിരുന്നും നൽകാൻ ലക്ഷങ്ങൾ പൊടിക്കുമ്പോഴാണ് വെയിലത്ത് പരിശീലനത്തിലും പരേഡിലും പങ്കെടുക്കുന്ന കുട്ടികളുടെ ലഘുഭക്ഷണത്തിൽ സർക്കാർ പിടിമുറുക്കിയത്.

 അനീതിയെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും

സ്‌കൂൾ വിദ്യാർത്ഥികൾ, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, എൻ.സി.സി കേഡറ്റുകൾ എന്നീ വിഭാഗങ്ങളിലായാണ് കുട്ടികൾ പരേഡിലും പരിശീലനത്തിലും പങ്കെടുക്കുന്നത്. പരേഡിനെത്തുന്നന്ന കുട്ടികൾക്ക് റിഹേഴ്സലിനുൾപ്പെടെയുള്ള ലഘുഭക്ഷണം നൽകാൻ സർക്കാർ എല്ലാവർഷവും തുക അനുവദിക്കാറുണ്ട്. കുട്ടികളുടെ ലഘുഭക്ഷണത്തുകയിൽ ലാഭം തേടുന്നത് അനീതിയാണെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും പറയുന്നു.