k

എതിർശബ്ദങ്ങളെയും സഹിഷ്‌ണുതയോടെ മാനിക്കുമ്പോഴാണ് ജനാധിപത്യം അർത്ഥവത്താകുന്നത്. ഏകാധിപത്യം നിലനിൽക്കുന്നിടത്ത് വിമർശനം സാദ്ധ്യമല്ല. ഭരണകൂടത്തെ സ്തുതിക്കുന്ന വാക്കുകളല്ലാതെ മറ്റൊന്നും പറയാൻ ആർക്കും സ്വാതന്ത്ര്യ‌ം ലഭിക്കില്ല. അഥവാ ആരെങ്കിലും എതിർ ശബ്ദമുയർത്തിയാൽ പിറ്റേദിവസം അവർ അപ്രത്യക്ഷമാകും. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതിനാൽ ഭരണകൂടത്തെ അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും പ്രതികരിക്കാൻ അവകാശമുണ്ട്. എന്നാൽ ഇതിനു വിരുദ്ധമായ പല പ്രവണതകളും അടുത്തകാലത്തായി ഉയർന്നുവരുന്നുണ്ട്. ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല.

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ബി.ജെ.പി പ്രവർത്തകർ വഴിയിൽ തടയുകയും സംഘർഷമുണ്ടാക്കുകയും ചെയ്യുന്നത് ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ യാത്രയ്ക്ക് പരമാവധി ബുദ്ധിമുട്ടുകളും തടസ്സങ്ങളുമാണ് സൃഷ്ടിക്കുന്നത്. ജനുവരി 14ന് മണിപ്പൂരിലായിരുന്നു യാത്രയുടെ തുടക്കം. ഇംഫാലിൽ നിന്നു തുടങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സംസ്ഥാന സർക്കാർ അനുമതി നൽകിയില്ല. അതിനാൽ സമീപ ജില്ലയിൽ നിന്ന് തുടങ്ങേണ്ടിവന്നു. അസമിലേക്കു കടന്നപ്പോൾ യാത്രയ്ക്കു നേരെ അക്രമങ്ങൾ വർദ്ധിക്കുകയാണ്.

രണ്ടു സ്ഥലങ്ങളിൽ യാത്ര തടയാനെത്തിയ ബി.ജെ.പി പ്രവർത്തകരുടെയിടയിലേക്ക് രാഹുൽഗാന്ധി ഇറങ്ങിച്ചെന്നത് സംഘർഷഭരിതമായ രംഗങ്ങൾക്കിടയാക്കി. യാത്രയിലെ അകമ്പടി വാഹനങ്ങൾക്കു നേരെ അക്രമങ്ങൾ നടന്നിരുന്നു. യാത്ര അസമിലെ ഗുവാഹത്തിയിൽ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു. പ്രകോപനമുണ്ടാക്കാൻ അണികൾക്ക് നിർദ്ദേശം നൽകിയെന്നാരോപിച്ച് രാഹുൽഗാന്ധിക്കെതിരെ കേസെടുക്കുകയും ചെയ്തു. അസം - മേഘാലയ അതിർത്തിയിലുള്ള യു.എസ്.ടി.എം സർവകലാശാലാ വിദ്യാർത്ഥികളുമായുള്ള സംവാദം പൊലീസ് റദ്ദാക്കിയെങ്കിലും കുട്ടികളെല്ലാം കോളേജിനു പുറത്തിറങ്ങി പ്രസംഗം കേൾക്കുകയുണ്ടായി. അധികാരമുണ്ടെങ്കിൽ എന്തും ചെയ്യാമെന്നുള്ള സ്ഥിതി വരുന്നത് ആശാസ്യമല്ല. പലപ്പോഴും തടയപ്പെടുമ്പോഴാണ് ഇത്തരം രാഷ്ട്രീയ യാത്രകൾക്ക് കൂടുതൽ പ്രചാരണവും പ്രസക്തിയും ലഭിക്കുന്നത്.

ഇന്ത്യയിൽ ഏതൊരു പാർട്ടിക്കും ജാഥ നടത്താൻ അവകാശമുണ്ട്. വിമർശനങ്ങളെ ഭയക്കുന്നവർ മാത്രമേ ഇതൊക്കെ തടയാൻ മുന്നിട്ടിറങ്ങൂ. അസമിൽ യാത്രയ്ക്കു നേരെ അക്രമമുണ്ടായതിനു പിന്നിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയാണെന്നാണ് രാഹുൽഗാന്ധി ആരോപിച്ചത്. മനപ്പൂർവം സംഘർഷം സൃഷ്ടിക്കാൻ വേണ്ടി യാത്ര നടത്തുന്ന ഒരു നേതാവല്ല രാഹുൽഗാന്ധി. അദ്ദേഹം കന്യാകുമാരിയിൽ നിന്ന് കാശ്‌മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്ര അതിനു തെളിവായി മുന്നിലുണ്ട്. ഏറ്റവും കൂടുതൽ വിമർശനം നേരിട്ടിട്ടുള്ള നേതാവാണ് ഇപ്പോൾ ബി.ജെ.പിയുടെ പ്രധാനമന്ത്രിയായി ഇരിക്കുന്നതെന്ന കാര്യം ബി.ജെ.പി പ്രവർത്തകരും വിസ്‌മരിക്കരുത്. ഇന്ത്യയിൽ ഏതൊരു നേതാവിനും തഴച്ചുവളരാൻ ഉപകരിക്കുന്ന ഒരു പ്രധാന ഘടകമാണ് വിമർശനം. പൊതു തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. എല്ലാവർക്കും ജാഥയും പ്രസംഗവുമൊക്കെ നടത്താൻ കഴിയുന്ന രീതിയിൽ വേണം അധികാരത്തിലിരിക്കുന്നവർ പെരുമാറേണ്ടത്. അങ്ങനെയല്ലാത്ത പെരുമാറ്റങ്ങൾ അവസാനിക്കുന്നത് സ്വയം നാശത്തിന് ഇടയാക്കുന്ന ഏകാധിപത്യത്തിലായിരിക്കും.