k

തിരുവനന്തപുരം: ഇരുപത്തിമൂന്നുകാരിയായ ദേവിക മലയാളികൾക്കാകെ അഭിമാനമാകുന്ന മുഹൂർത്തമാണ് നാളെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ്. ഡൽഹി കർത്തവ്യപഥിലെ പരേഡിൽ നേവിയിലെ മിക്സഡ് കൺട്ടിൻജെന്റിനെ നയിക്കുന്ന മൂന്ന് പ്ലാറ്റൂൺ കമാൻഡർമാരിൽ ഒരാൾ ലെഫ്റ്റനന്റ് എച്ച്.ദേവികയാണ്. ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനം അലങ്കരിക്കുന്നത്.

വർഷങ്ങൾക്കു മുമ്പ് ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ഡേ പരേഡ് കാണാൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായ അച്ഛൻ ഹരികുമാർ നമ്പൂതിരിക്കൊപ്പം ദേവിക പോയിരുന്നു. യൂണിഫോമും തൊപ്പിയുമണിഞ്ഞ് അച്ഛനെപ്പോലെ മാർച്ച് ചെയ്യാൻ ദേവിക അന്നു മോഹിച്ചു. അത് സഫലമാവുകയാണ്. നിലവിൽ ഡൽഹിയിൽ നേവൽ സൈബർ ഓഫീസിലാണ് ഈ 23കാരിയുടെ പോസ്റ്റിംഗ്. അടൂരിലായിരുന്നു ജനനം. ശ്രീകാര്യത്ത് താമസം. ഇന്നലെ ദേവികയുടെ ജന്മദിനമായിരുന്നു. അതിന്റെകൂടി ആഹ്ലാദമുണ്ട് ദേവികയ്ക്ക്.

കേന്ദ്രീയവിദ്യാലയത്തിലെ സ്കൂൾപഠനത്തിനൊപ്പം ദേവിക എൻ.സി.സിയിൽ സജീവമായിരുന്നു. 2018ൽ ബാർട്ടൺ ഹിൽ ഗവ.എൻജിനിയറിംഗ് കോളേജിൽ ഐ.ടി വിഭാഗത്തിൽ പ്രവേശിച്ചു. അപ്പോഴും എൻ.സി.സിയിൽ സജീവമായി. കോളേജിലെ പ്രാക്ടിക്കലിനും പഠനത്തിനുമൊപ്പം എൻ.സി.സിയിൽ പ്രവർത്തിക്കുന്നത് പ്രയാസമായിരുന്നു. അറ്റൻഡൻസിൽ കുറവുവന്നെങ്കിലും മറികടക്കാനായി. വ്യോമസേനയിൽ പൈലറ്റ് ആവുന്നതായിരുന്നു മോഹമെങ്കിലും 2018ൽ നേവി ടെസ്റ്റ് എഴുതി സബ് ലെഫ്റ്റനന്റായി. വ്യോമസേനയിൽ നിന്ന് വിരമിച്ച അച്ഛൻ ഹരികുമാർ ഇപ്പോൾ കോട്ടയം ജില്ല കോടതിയിലെ മാനേജരാണ്. അമ്മ കവിതാദേവി(മലയാലപ്പുഴ). സഹോദരൻ ശ്രീശങ്കർ (എൻജിനിയറിംഗ് ഒന്നാംവർഷ വിദ്യാർത്ഥി). പരേഡ് കാണാൻ കുടുംബവും നാളെ ഡൽഹിയിലെത്തും.

വാളേന്തി തലയുർത്തി

കഴിഞ്ഞ മൂന്നുമാസമായി ഡൽഹിയിലെ കൊടുംതണുപ്പിൽ പുലർച്ചെ 3ന് പരേഡിന്റെ പ്രാക്ടീസ് ചെയ്യുന്നുണ്ട്.144 അംഗങ്ങളെയാണ് ദേവിക നയിക്കുന്നത്. ശാരീരികവും മാനസികവുമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. വാളേന്തിയാവും മാർച്ച് നയിക്കുന്നത്.