
തിരുവനന്തപുരം: വർഷം 1948. അന്ന് റോഡ് പണിക്കും കുഴിമൂടലിനും പൊതുപ്രവർത്തനത്തിനും പൂജപ്പുരയിൽ മുന്നിൽ നിന്ന ചെറുപ്പക്കാർക്ക് ഒരു മോഹം. ഭാവി തലമുറയ്ക്കായി ഒരു വായനാശാല വേണം. അന്ന് ചെറിയ രീതിയിൽ സർക്കാർ ഭൂമിയിൽ കുറച്ച് പുസ്തകങ്ങളുമായി തുടങ്ങിയ വായനാശാല 1949ൽ വായനയുടെ പിതാവെന്ന് അറിയപ്പെടുന്ന പി.എൻ.പണിക്കറുടെ നേതൃത്വത്തിൽ യുവജന സമാജം ഗ്രന്ഥശാലയായി. അന്ന് മൺകട്ട കൊണ്ട് കെട്ടിയ ചെറിയ കെട്ടിടത്തിൽ ഒട്ടുമിക്ക പുസ്തകങ്ങളുടെയും ആദ്യ പതിപ്പുകൾ സൂക്ഷിച്ചിരുന്നു. സംവിധായകൻ പദ്മരാജൻ, സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഉൾപ്പെടെ നിത്യസന്ദർശകരായിരുന്ന ഈ വായനാശാല 75ാം പിറന്നാളിന്റെ നിറവിലാണ്. ഇന്ന് വൈകിട്ട് 5ന് ഗ്രന്ഥശാലയിൽ നടക്കുന്ന ഒരുവർഷം നീളുന്ന ആഘോഷം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
ദിനപത്രങ്ങളും മാസികകളും വായിക്കാൻ ദൂരെ നിന്ന് പോലും ആളുകൾ ഇവിടെയെത്തുമായിരുന്നു. ജീവചരിത്രകാരൻ പി.കെ.പരമേശ്വരൻ നായർ,, കവി തിരുനയിനാർകുറിച്ചി മാധവൻ നായർ, ജസ്റ്റിസ് ജി.ശങ്കരപ്പിള്ള, ജസ്റ്റിസ് വേലുപ്പിള്ള, ആർ.മാധവൻനായർ, തേരിവിള ശിവശങ്കരൻ നായർ, തമ്പിപ്പിള്ള ,ടി.കൃഷ്ണൻ നായർ, കൗസ്തുഭം പി.സുകുമാരൻ നായർ, കെ.വാസു, ആർട്ടിസ്റ്റ് ശ്രീധരൻ നായർ, ആർട്ടിസ്റ്റ് ഗോപാലൻ നായർ എന്നിവരായിരുന്നു വിവിധ കാലഘട്ടങ്ങളിൽ ഗ്രന്ഥശാലയെ നയിച്ചിരുന്നത്. ഗ്രന്ഥശാലയ്ക്ക് ഒപ്പം കലാ കൈരളി നാടക സംഘവും പ്രവർത്തിച്ചിരുന്നു. പൂജപ്പുര രാധാകൃഷ്ണൻ, പൂജപ്പുര സോമൻ നായർ ഉൾപ്പെടെയുള്ള നടന്മാർ ഇവിടെ നിന്ന് പയറ്റിത്തെളിഞ്ഞവരാണ്. സമൂഹമാദ്ധ്യമങ്ങൾ അരങ്ങുവാഴുമ്പോഴും സന്ദർശകർക്ക് കുറവില്ല. വിവിധ ഭാഷകളിലായി 25,000 പുസ്തകങ്ങൾ. ബാലവേദി, യുവത, വനിതാവേദി, വയോജനസൗഹാർദ്ദ സമിതി (ഹാപ്പിനസ് ഫോറം), ഫിലിം സൊസൈറ്റി, സാഹിത്യ വേദി, പ്രസാധകസംഘം എന്നിങ്ങനെയുള്ള കൂട്ടായ്മകളും സജീവം.
സർക്കാറിന്റെ പുറമ്പോക്ക് ഭൂമിയിലാണ് വായനാശാല സ്ഥിതി ചെയ്യുന്നത്. മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരുക്കുന്നതിനായി സർക്കാർ സ്ഥലം പതിച്ചു നൽകുമെന്ന വിശ്വാസത്തിലാണ് വായനയെ സ്നേഹിക്കുന്നവർ.