
എത്ര വലിയ ജീവിത പ്രശ്നത്തിനുമുള്ള പരിഹാരമല്ല ആത്മഹത്യയെന്നു പറയാറുണ്ട്. എന്നാൽ സാഹചര്യങ്ങളുടെ സമ്മർദ്ദം താങ്ങാനാവാതെ വരുന്ന ചില സന്ദർഭങ്ങൾ എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ഉണ്ടാകാറുണ്ട്. സ്വയം ജീവനൊടുക്കിയാവും ചിലർ ഇത്തരം സന്ദിഗ്ദ്ധ ജീവിതാവസ്ഥയിൽനിന്ന് മോചിതരാകുന്നത്. കൊല്ലം പരവൂർ മുൻസിഫ് കോടതിയിൽ അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടറായി ജോലി ചെയ്തിരുന്ന അനീഷ്യ എന്ന യുവതി ഇക്കഴിഞ്ഞ ഞായറാഴ്ച സ്വവസതിയിലെ കുളിമുറിയിൽ കെട്ടിത്തൂങ്ങി മരിച്ചത് ജോലിയിൽ തുടരാൻ പറ്റാത്തവിധത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടായതുകൊണ്ടാണ്.
മരണത്തിലേക്കു പോകുംമുമ്പ് സഹപ്രവർത്തകർക്ക് മൊബൈൽ വഴി അയച്ച ശബ്ദ സന്ദേശത്തിലും വീട്ടിലെ മേശപ്പുറത്തു കണ്ട ഡയറിയിൽ എഴുതിവച്ച കുറിപ്പുകളിലും തനിക്ക് നേരിടേണ്ടിവന്ന മാനസിക പീഡനങ്ങൾ സംബന്ധിച്ച വിവരങ്ങളുണ്ട്. നിയമവും നീതിയും വിളയാടുന്ന ഇടങ്ങളായി കരുതപ്പെടുന്ന കോടതികളിൽപ്പോലും സ്ത്രീ സുരക്ഷിതയല്ല എന്ന സ്ഥിതി എത്ര ഭയങ്കരമാണ്. അവിടെയും രാഷ്ട്രീയത്തിന്റെ തിണ്ണമിടുക്കിനെ ആശ്രയിച്ചാണ് കാര്യങ്ങൾ നടക്കുന്നതെന്നു വരുന്നത് എത്ര ലജ്ജാകരമാണ്. വനിതാ എ.പി.പിയുടെ ആത്മഹത്യ ഇതിനകം വലിയ വാർത്തയായി മാറിയ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ച്
രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അനീഷ്യയുടെ അസ്വാഭാവിക മരണത്തെക്കുറിച്ച് പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തന്നോടൊപ്പം എ.പി.പിയായി ജോലി നോക്കുന്നവരിൽ നിന്നുണ്ടായ മാനസിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഡയറിയിൽ എഴുതിവച്ച ശേഷമാണ് അനീഷ്യ തൂങ്ങിമരിക്കുന്നത്. ഡയറി ഇപ്പോൾ പൊലീസിന്റെ കൈയിലാണ്. പാർട്ടി ബലത്തിൽ കോടതി ജോലികളൊന്നും മുറയ്ക്കു ചെയ്യാതെ മുങ്ങിനടക്കുന്ന സഹപ്രവർത്തകനും അയാളുടെ ആൾക്കാരും ചേർന്ന് സൃഷ്ടിക്കുന്ന ദുസ്സഹമായ അന്തരീക്ഷം താങ്ങാനാവുന്നില്ലെന്ന് അനീഷ്യ ഡയറിയിൽ എഴുതിവച്ചിരുന്നു. മാവേലിക്കര സെഷൻസ് കോടതി ജഡ്ജിയായിരിക്കുന്ന കെ.എൻ. അജിത് കുമാറാണ് അനീഷ്യയുടെ ഭർത്താവ്. താനും ഭർത്താവും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നും കഷ്ടപ്പെട്ടു പഠിച്ച് കഠിന പ്രയത്നത്താൽ ജോലിയിൽ കയറിയവരാണെന്നും ഡയറിക്കുറിപ്പുകളിലുണ്ട്.
അവധിയെടുക്കാതെ പലപ്പോഴും ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന സഹ എ.പി.പിയുടെ വിവരങ്ങൾ തേടി സമർപ്പിക്കപ്പെട്ട വിവരാവകാശ അപേക്ഷയെച്ചൊല്ലി വിവാദമുയർന്നിരുന്നു. അപേക്ഷയ്ക്കു പിന്നിൽ അനീഷ്യയാണെന്ന ധാരണയിൽ അപേക്ഷ പിൻവലിപ്പിക്കാൻ തല്പരകക്ഷിക്കാർ ശ്രമം നടത്തിയിരുന്നു. എന്നാൽ വിവരാവകാശ അപേക്ഷയ്ക്കു പിന്നിൽ താനല്ലെന്ന് വ്യക്തമാക്കിയിട്ടും പീഡനമുറകൾ തുടരുകയായിരുന്നു എന്നാണ് ഡയറിക്കുറിപ്പുകൾ. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ദൂരേയ്ക്ക് സ്ഥലം മാറ്റുമെന്നും ഭീഷണി മുഴിക്കയത്രേ.
മുടങ്ങാതെ ജോലികൾ ചെയ്തുവന്ന തന്നെപ്പോലുള്ളവരാണ് പലപ്പോഴും ക്രൂശിക്കപ്പെടുന്നതെന്ന അനീഷ്യയുടെ വാക്കുകളിൽ തെളിയുന്നത്, തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടുന്നുവർ പൊതുവേ നേരിടേണ്ടിവരുന്ന ദുഃസ്ഥിതിയാണ്.
ഏതായാലും യഥാർത്ഥ വസ്തുതാന്വേഷണത്തിൽ പലതും തെളിഞ്ഞുവരുമെന്ന് പ്രതീക്ഷിക്കാം. ജോലിസ്ഥലങ്ങളിൽ വനിതാ ജീവനക്കാർക്കായി പ്രത്യേകം പരാതി പരിഹാര സെല്ലുകൾ വേണമെന്നാണ് ചട്ടം. കോടതികളിൽ അത്തരം സംവിധാനങ്ങൾ നിലവിലുണ്ടോ എന്നറിയില്ല. ഉണ്ടായാലും ഇല്ലെങ്കിലും അനീഷ്യയുടെ ആത്മഹത്യ ഇത്തരത്തിലൊരു സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നതാണ്. ഉത്തരവാദപ്പെട്ടവർ തക്ക സമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ അനീഷ്യയെ ആത്മഹത്യയിൽനിന്ന് തടയാൻ കഴിയുമായിരുന്നു. രാഷ്ട്രീയവും യൂണിയനുമൊക്കെ സാധാരണ ജീവനക്കാരെ അടിച്ചമർത്താനുള്ള കരുവാക്കുന്ന ഏർപ്പാട് ഒട്ടുമിക്ക ഓഫീസുകളിലും ഉള്ളതാണ്. അതിന്റ രക്തസാക്ഷിയാണ് അനീഷ്യയും.