
തിരുവനന്തപുരം: കേന്ദ്രം ഏർപ്പെടുത്തിയ വായ്പാപരിധി പ്രകാരം അവശേഷിക്കുന്ന 1130കോടി രൂപ ഉടൻ കടമെടുക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഈ സാമ്പത്തിക വർഷം ഇനി വേറെ കടമെടുക്കാൻ കഴിയില്ല.
വൈദ്യുതി മേഖലയിൽ നടപ്പാക്കുന്ന നവീകരണത്തിന്റെ പേരിൽ 4065 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട്. പക്ഷേ, സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതിൽ പിന്നാക്കം പോയതിനാൽ അതു തടഞ്ഞുവയ്ക്കുമോയെന്ന് ആശങ്കയുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം.
വായ്പാപരിധി വെട്ടിക്കുറച്ചത് ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. കിഫ്ബിക്കും ക്ഷേമപെൻഷൻ കമ്പനിക്കുമായി എടുത്ത വായ്പകൾ പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതോടെയാണ് വായ്പാതുകയിൽ കുറവ് വന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രാലയം മാർച്ച് 27നും ഓഗസ്റ്റ് 11നും നൽകിയ നിർദേശങ്ങളും 2003ലെ ധന ഉത്തരവാദിത്വ ബഡ്ജറ്റ് മാനേജ്മെന്റ് നിയമത്തിലെ നാലാംവകുപ്പുമാണ് കോടതിയിൽ ചോദ്യംചെയ്യുന്നത്. ഇവ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്തിന് അടിയന്തരമായി 26,226 കോടി രൂപ ആവശ്യമാണന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.