kk

തിരുവനന്തപുരം: ഒരു ടൂറിസ്റ്റ് സംസ്ഥാനമാകാനുള്ള എല്ലാ സാദ്ധ്യതകളും ചേരുവകളും കേരളത്തിനുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം സാദ്ധ്യതകളും വെല്ലുവിളികളും എന്ന പേരിൽ കേരളകൗമുദി മാസ്കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച കോൺക്ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ മുക്കുംമൂലയും ഏതൊരു സഞ്ചാരിയും ഇഷ്ടപ്പെടുന്നതാണ്. കേരളത്തിലെ ജനങ്ങളുടെ മനസ് ഏതൊരു സഞ്ചാരിയെയും വീണ്ടും ഇവിടേക്ക് വരാൻ പ്രേരിപ്പിക്കും. ആളുകളുടെ പേരോ നിറമോ വേഷമോ നോക്കുന്നവരല്ല കേരളത്തിലെ ജനങ്ങൾ. ആതിഥ്യ മര്യാദയിൽ കേരളം ലോകത്തിന് മാതൃകയാണ്. കേരളത്തിലെത്തുന്ന സഞ്ചാരികൾ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർമാരാകുകയാണ്. കേരളമാകെ ഒരു ടൂറിസം ഡെസ്റ്റിനേഷനാണ്. അതുതന്നെയാണ് നമ്മുടെ ഏറ്റവും വലിയ സാദ്ധ്യതയും. എന്നാൽ അതിന്റെ പൂർണതയിൽ എത്തിയിട്ടില്ല. സഞ്ചാരികൾ കേരളത്തിലേക്ക് കൂടുതൽ ആകർഷിക്കപ്പെടാൻ കാരണം ഇവിടത്തെ ജനങ്ങളും അവരുടെ മതനിരപേക്ഷ മനസുമാണ്. വിദേശരാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പേർ കേരളത്തിലെത്തുന്നത് അമേരിക്കയിൽ നിന്നാണ്. മറ്റ് രാജ്യങ്ങളിൽ നിന്ന് സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം,​ എറണാകുളം കോഴിക്കോട് നഗരങ്ങളിൽ മികച്ച ടോയ്‌ലെറ്റുകളും വൈഫൈ സൗകര്യങ്ങളുമുള്ള സ്മാർട്ട് ബസ് സ്റ്റാൻഡുകൾ ആരംഭിക്കും. ടൂറിസം മേഖലയെ കുറിച്ച് കേരളകൗമുദി തയ്യാറാക്കിയ പ്രത്യേക പതിപ്പ് എസ്.യു.ടി ഹോസ്പിറ്റൽ സി.ഇ.ഒ കേണൽ രാജീവ് മണാലിക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. ടൂറിസം, വിദ്യാഭ്യാസ മേഖലകളിൽ മികച്ച സംഭാവന നൽകിയ സംരംഭകർക്കും സ്ഥാപനങ്ങൾക്കും മന്ത്രി ഉപഹാരങ്ങൾ നൽകി.

 ടൂറിസത്തിൽ കേരളകൗമുദി പോസിറ്റീവ്

നെഗറ്റീവ് സമീപനങ്ങൾ ടൂറിസം മേഖലയ്ക്ക് തടസമാണ്. എന്നാൽ,​ ടൂറിസത്തെ എന്നും പോസിറ്റിവായി പ്രചരിപ്പിക്കാൻ തയ്യാറായ പത്രം കേരളകൗമുദിയാണെന്ന് രണ്ടേമുക്കാൽ വർഷം ടൂറിസം വകുപ്പിന്റെ മന്ത്രിയായിരുന്ന അനുഭവത്തിൽ തനിക്ക് പറയാനാകും. നെഗറ്റീവ് സമീപനങ്ങൾ ഒരു പ്രദേശത്ത് നിന്ന് മാത്രമല്ല വരുന്നത്. അവിടെ നിന്നുണ്ടാകുന്ന വാർത്തകളും അവയുടെ പ്രചാരണവും ടൂറിസത്തെ നെഗറ്റീവും പോസിറ്റീവുമാക്കി മാറ്റുന്നുണ്ട്. കേരളത്തിന്റെ ടൂറിസം സാദ്ധ്യതകളെ ഫലപ്രദമായി തുറന്നുകാട്ടുന്ന,​ കേരളകൗമുദി പ്രസിദ്ധീകരിക്കുന്ന പുസ്തകം എക്കാലത്തും ഉപകരിക്കുന്നതാണ്.