വഴി ഒരുക്കിയത് വീട്ടുജോലിക്കാരി
വർക്കല: കിടപ്പു രോഗിയായ വൃദ്ധയുൾപ്പെടെയുള്ള വീട്ടുകാരെ ഭക്ഷണത്തിൽ ലഹരി ചേർത്ത് നൽകി മയക്കിയ ശേഷം നേപ്പാളിയായ വീട്ടുജോലിക്കാരിയുടെ നേതൃത്വത്തിൽ കവർച്ച. ഇലകമൺ ഹരിഹരപുരം എൽ.പി സ്‌കൂളിന് സമീപം ലൈയിം വില്ലയിൽ ശ്രീദേവി അമ്മ (74), മരുമകൾ ദീപ, ഹോം നേഴ്‌സ് വെഞ്ഞാറമൂട് സ്വദേശി സിന്ധു എന്നിവരെയാണ് വീട്ടുജോലിക്കാരിയായ നേപ്പാളി സ്വദേശി സോഹില (28) ചാപ്പത്തിയിലും കുറുമ കറിയിലും ലഹരി ചേർത്ത് നൽകി മയക്കിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം.
സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ജനാർദ്ദന ഉപാദ്ധ്യായ (42), രാംകുമാർ (48) എന്നിരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. സോഹിലയുടെ ബന്ധുവായ കൊട്ടാരക്കര പുത്തൂർ താമസിക്കുന്ന അഭിഷേകാണ് കവർച്ച ആസൂത്രണം ചെയ്തത്. സോഹിലയ്‌ക്കും മറ്റ് പ്രതികൾക്കുമായുള്ള അന്വേഷണം തുടരുകയാണ്.
ശ്രീദേവി അമ്മയുടെ മകൻ രാജീവിന് ബംഗളൂരുവിലാണ് ജോലി. രാത്രി 10ന് ഭാര്യ ദീപയെയും ഹോം നേഴ്സിനെയും വിളിച്ചിട്ട് ഫോൺ എടുത്തില്ല. തുടർന്ന് സമീപത്തെ ബന്ധു വീട്ടിൽ വിളിച്ച് വിവരം തിരക്കി. ഇവരെത്തുമ്പോൾ നാലംഗ സംഘം ഓടി രക്ഷപ്പെട്ടു. വീടിന് പിന്നിലെ മതിൽ ചാടി രക്ഷപ്പെടുന്നതിനിടെ കമ്പി വേലിയിൽ കാൽ ഉടക്കി വീണ ജനാർദ്ദന ഉപാദ്ധ്യായയെ രാത്രി 11നാണ് നാട്ടുകാർ കണ്ടെത്തിയത്. ഇയാളുടെ ബാഗിൽ നിന്ന് 35,000 രൂപയും സ്വർണവും കണ്ടെടുത്തു. ഇന്നലെ പുലർച്ചെ നാലിനാണ് സമീപത്തെ കലിങ്കിന് സമീപം ഒളിച്ചിരുന്ന രാം കുമാറിനെ പിടികൂടിയത്.
അബോധാവസ്ഥയിലായ മൂന്നു പേരും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അപകടനില തരണം ചെയ്തു. ഇവരുടെ മൊഴി ഇന്നെടുക്കും. തുടർന്നേ നഷ്ടപ്പെട്ട പണവും സ്വർണവും കണക്കാക്കാൻ കഴിയൂ. കടയ്‌ക്കാവൂർ സേതു പാർവതി ഭായി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പളാണ് ദീപ.
സോഹില എത്തിയത് 16 ദിവസം മുമ്പ്
ശ്രീദേവി അമ്മയെ പരിചരിക്കുന്നതിന് ബന്ധുവിലൂടെയാണ് കൊട്ടാരക്കര പുത്തൂരിലുള്ള സോഹിലയെ കണ്ടെത്തിയത്. പരവൂരിലെ നേപ്പാളി കുടുബമാണ് ഇവരെ പരിചയപ്പെടുത്തിയത്. ജനുവരി എട്ടിനാണ് സോഹില ജോലിക്കെത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം വീട്ടുകാരെ മയക്കിയ ശേഷം കൂട്ടാളികളെ വിളിക്കുകയായിരുന്നു. ദീപയുടെ മുറിയുടെ വാതിൽ വെട്ടിപ്പൊളിച്ചാണ് കവർച്ച നടത്തിയത്. പിടിയിലായവർ കൂട്ടാളികളുടെ പേര് മാറ്റി പറയുകയാണെന്നും പൊലീസ് പറഞ്ഞു. റൂറൽ എസ്.പി കിരൺ നാരായണന്റെ ചോദ്യം ചെയ്യലിൽ കവർച്ച ആസൂത്രിതമാണെന്ന് പ്രതികൾ സമ്മതിച്ചു. വർക്കല എ.എസ്.പി ദീപക്ക് ധൻകറിനാണ് അന്വേഷണ ചുമതല. കവർച്ചയ്ക്ക് പിന്നിൽ കൊടുംകുറ്റവാളികളെന്ന് പൊലീസ് പറഞ്ഞു. ഇവർ ഉടൻ പിടിയിലാകുമെന്നാണ് സൂചന.