hi

കല്ലറ:പെട്രോൾ ബോംബെറിഞ്ഞ് വീട് ആക്രമിച്ച പ്രതികൾ പിടിയിൽ.കല്ലറ മിതൃമല നെല്ലിമൂട്ടിൽ കോണം മഹിളാ ഭവനിൽ മൂഴി എന്ന് വിളിക്കുന്ന വിഷ്ണു (20),കല്ലറ ചുണ്ടു മണ്ണടി ചരുവിള പുത്തൻ വീട്ടിൽ കിട്ടു എന്ന് വിളിക്കുന്ന അഖിൽ (23) എന്നിവരെയാണ് പാങ്ങോട് പൊലീസ് പിടികൂടിയത്.പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മുതുവിളയിൽ ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. മുതുവിളയിൽ പ്രവർത്തിക്കുന്ന ഹോട്ടലും ജീവനക്കാർ താമസിച്ചിരുന്ന വീടും അടിച്ചുതകർത്ത് പെട്രോൾ ബോംബെറിഞ്ഞ് പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഹോട്ടലുടമയും പ്രതികളും ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിനു ശേഷം ഒന്നരമാസമായി പ്രതികൾ ഫോൺ ഉപയോഗിക്കാതെയും വീട്ടുകാരുടെ ഫോണിൽ ബന്ധപ്പെടാതെയും പൊലീസിനെ വട്ടം ചുറ്റിച്ച് തമിഴ്നാട്,കർണാടക,ഗോവ സംസ്ഥാനങ്ങളിലെ വ്യത്യസ്ത സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് കൊടയ്‌ക്കനാലിലെ ഉൾവനത്തിൽ നിന്ന് പ്രതികളെ കണ്ടെത്തിയത്.
പ്രതികളുടെ പേരിൽ മോഷണം,അടിപിടി ഉൾപ്പെടെയുള്ള നിരവധി കേസുകൾ നിലവിലുണ്ട്. പാങ്ങോട് സി.ഐ ഷാനിഫ്,സബ് ഇൻസ്‌പെക്ടർ ബിനിമോൾ,പൊലീസുകാരായ സിദ്ദിഖ് എൻ.വൈശാഖൻ,സതീശൻ,ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ ബി.ദിലീപ്,സീനിയർ സി.പി.ഒ അനൂപ് എ.എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.