kn-balagopal

തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനും ക്ഷേമപെൻഷൻ മാസാമാസം വിതരണം ചെയ്യാനും കഴിയാത്ത വിധത്തിൽ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച മുഖ്യവാർത്തയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഈ ജനുവരി മുതൽ മാർച്ച് വരെ അർഹമായ വായ്പ 7437.61കോടിരൂപയാണ്.വിവിധ പദ്ധതികളിലായി 5891കോടിയും കിട്ടാനുണ്ട്. ഇതുരണ്ടുംകൂടി 13328 കോടി കിട്ടാനുണ്ട്. പക്ഷെ, അനുവദിക്കുന്നില്ല.

ഇതിന് പുറമെ വായ്പാനുമതിയിൽ 19,000 കോടി രൂപ നിഷേധിച്ചു. റവന്യൂ കമ്മി ഗ്രാന്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8400 കോടി രൂപ കുറച്ചു. ജി.എസ്.ടി നഷ്ടപരിഹാരം 12,000 കോടിയോളം രൂപ റദ്ദാക്കി. നികുതി വിഹിതം 3.58 ശതമാനത്തിൽനിന്ന് 1.925 ശതമാനമായി കുറച്ചതിലുടെ 18,000 കോടി രൂപ ഉൾപ്പെടെ മറ്റൊരു 57000കോടിയുടെ കുറവുമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ ആനുകൂല്യം ഉൾപ്പെടെ മാറ്റിവയ്ക്കേണ്ടി വന്നത്.

ക്ഷേമപെൻഷൻ വിതരണത്തിന് കേരള സോഷ്യൽ സെക്യുരിറ്റി പെൻഷൻ കമ്പനി വഴി സമാഹരിക്കുന്ന തുക വായ്പാപരിധിയിൽ വെട്ടിക്കുറയ്ക്കുമെന്ന് പറഞ്ഞ് അത് തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നത്.എന്നിട്ടും,നാലുമാസത്തെ പെൻഷനേ കുടിശികയായിട്ടുള്ളൂ.


കേന്ദ്രം തരാനുള്ള പദ്ധതിത്തുക (തുക കോടിയിൽ)

 യു.ജി. സി ശമ്പള പരിഷ്‌കരണം................................ 750
 നഗര വികസന ഗ്രാന്റ്.............................................546.45
 ഗ്രാമ വികസന ഗ്രാന്റ്............................................... 1008
 ഭക്ഷ്യ സുരക്ഷ............................................................... 790
 ദുരിതാശ്വാസം............................................................. 138
 ഡിസാസ്റ്റർ മിറ്റിഗേഷൻ................................................. 69
 ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് അസിസ്റ്റൻസ്...............1925
 ജി.എസ്.ടി നഷ്ടപരിഹാരം...................................... 511
 ആകെ................................................................................ 5891