cm-scholor

വിതരണം ഇന്ന് തലസ്ഥാനത്ത്

തിരുവനന്തപുരം: സർവകലാശാലകളിൽ നിന്ന് കഴിഞ്ഞ വർഷം പഠിച്ചിറങ്ങിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ നിന്നുള്ള 1000 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷയാവും. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്കാരം.

രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്ന് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12 സർവകലാശാലകളിലെ 5083 അപേക്ഷകരിൽ നിന്നാണ് പഠനമികവിന്റെയും രണ്ടര ലക്ഷം രൂപയിൽ കുറഞ്ഞ കുടുംബ വാർഷികവരുമാനത്തിന്റെയും അടിസ്ഥാനത്തിൽ ആയിരം പേരെ തിരഞ്ഞെടുത്തത്. സർവകലാശാലകളിൽ കരിക്കുലം പരിഷ്‌കരണത്തിനും പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.