pic1

നാഗർകോവിൽ: ഇരണിയലിൽ ട്രാൻസ്‌പോർട്ട് ജീവനക്കാരനെ പള്ളിമേടയിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ രണ്ട് വൈദികരിലൊരാൾ തിരിച്ചെന്തൂർ കോടതിയിൽ കീഴടങ്ങി. തിങ്കൾച്ചന്ത മൈലോട് മടത്തുവിള സ്വദേശി സേവിയർ കുമാറിനെ (45) കൊലപ്പെടുത്തിയ സംഭവത്തിൽ ഫാദർ റോബിൻസനാണ് ഇന്നലെ രാവിലെ കീഴടങ്ങിയത്. 15 പ്രതികളുള്ള കേസിൽ ജസ്റ്റസ് റോക് (58),വിൻസെന്റ് (60) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്‌തിരുന്നു. ഇവരെയും വൈദികനെയും റിമാൻഡ് ചെയ്‌തു.

കഴിഞ്ഞ 20ന് ഉച്ചയ്‌ക്ക് 2.30നായിരുന്നു സംഭവം. തമിഴ്നാട് ട്രാൻസ്‌പോർട്ടിൽ മെക്കാനിക്കായിരുന്ന സേവിയർ കുമാർ നാം തമിഴർ പാർട്ടിയുടെ തക്കല മണ്ഡലം പ്രസിഡന്റ് കൂടിയാണ്. പള്ളിയിലെ കണക്കുകളിൽ തർക്കമുണ്ടായതിനെ തുടർന്ന് സേവിയർ പള്ളി വികാരിയോട് ഇതേക്കുറിച്ച് ചോദിച്ചു. ഇതിന്റെ പ്രതികാരമായി പള്ളിയുടെ കീഴിലുള്ള ആർ.സി ഡയോസിസ് സ്‌കൂളിലെ അദ്ധ്യാപികയായ ഇയാളുടെ ഭാര്യ ജെമിനിയെ പിരിച്ചുവിട്ടു. ഇതിനുശേഷമാണ് കുമ്പസാരിക്കാനായി സേവ്യറിനോട് പള്ളിമേടയിൽ വരാൻ വൈദികൻ ആവശ്യപ്പെട്ടത്. ഉച്ചയ്‌ക്ക് പള്ളിയിലെത്തിയ സേവിയറിനെ വൈദികന്റെ ഓഫീസിലുണ്ടായിരുന്നവർ അയൺ ബോക്‌സ് കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. തുടർന്ന് പ്രതികൾ സി.സി ടിവിയുടെ ഡി.വി.ആർ കൈവശപ്പെടുത്തിയശേഷം രക്ഷപ്പെടുകയായിരുന്നു.

മറ്റ് പ്രതികൾക്കായി ജില്ലാ പൊലീസ് മേധാവി സുന്ദരവദനത്തിന്റെ നേതൃത്വത്തിൽ 10 സ്‌പെഷ്യൽ ടീമുകൾ രൂപീകരിച്ച് തെരച്ചിൽ ശക്തമാക്കി. പ്രതികൾ കോടതിയിൽ കീഴടങ്ങാനെത്തിയാൽ പിടികൂടുന്നതിനായി ചെന്നൈ,മധുര,നാഗർകോവിൽ കോടതികളിൽ നിരീക്ഷണം നടത്തിയിരുന്നു. പ്രതികളെ പിടികൂടാതെ മൃതദേഹം കൈപ്പറ്റില്ലെന്ന് പറഞ്ഞ സേവിയർ കുമാറിന്റെ ബന്ധുക്കൾ ഇന്നലെ മൃതദേഹം ഏറ്റുവാങ്ങി വൈകിട്ടോടെ സംസ്‌കരിച്ചു.

ഒന്നാം പ്രതി ഡി.എം.കെ നേതാവ്

ഒന്നാം പ്രതിയായ രമേശ്‌ ബാബു (46) ഡി.എം.കെ പാർട്ടിയുടെ തക്കല മണ്ഡലം സെക്രട്ടറിയും സർക്കാർ

അഭിഭാഷകനുമാണ്. ഇന്നലെ ഇയാളെ പദവിയിൽ നിന്ന് താത്കാലികമായി നീക്കിയതായി ഡി.എം.കെ അറിയിച്ചു.