
കിളിമാനൂർ: വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ പറമ്പിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചു കടത്തിയ പ്രതി അറസ്റ്റിൽ. പെരുമ്പാവൂർ കുവ്വപ്പടി മാന്നാരി പറമ്പിൽ ഹൗസിൽ സുരേഷ്ബാബുവിനെയാണ് (44) കിളിമാനൂർ പൊലീസ് പിടികൂടിയത്. യു.കെയിൽ ജോലി ചെയ്യുന്ന ശ്രീകാര്യം സ്വദേശികളായ വിദ്യാസാഗർ - രേഖാചന്ദ് ദമ്പതികളുടെ ഉടമസ്ഥയിലുള്ള കാട്ടുചന്ത തലവിളയിലെ ഒരേക്കർ വരുന്ന പറമ്പിലെ മരങ്ങളാണ് മുറിച്ചു കടത്തിയത്.
റബർ ടാപ്പിംഗ് തൊഴിലാളിയായ പ്രതി ഭാര്യയുമൊത്ത് രണ്ടുവർഷമായി ഈ പറമ്പിലുള്ള വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
15 ലക്ഷം രൂപ വിലവരുന്ന 14 തേക്ക്, 2 പ്ലാവ്, മാവ്, മഹാഗണി എന്നീ മരങ്ങളാണ് ഇക്കഴിഞ്ഞ നവംബർ,ഡിസംബർ മാസങ്ങളിൽ മുറിച്ചു കടത്തിയത്.വ്യാഴാഴ്ചയാണ് മരങ്ങൾ മുറിച്ചു കടത്തിയ വിവരം നാട്ടിലുള്ള ബന്ധുക്കൾ അറിയുന്നത്. തുടർന്ന് ബന്ധുക്കൾ കിളിമാനൂർ പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മുറിച്ചു കടത്തിയ തടികളുടെ പകുതിയോളം കണ്ടെടുത്തു. പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് തടിയുടെ ബാക്കി ഭാഗം കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി എ.പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം കിളിമാനൂർ എസ്.എച്ച്.ഒ ബി.ജയൻ,എസ്.ഐമാരായ വിജിത്ത് കെ.നായർ,രാജികൃഷ്ണ,ഷജിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.