
പാറശാല: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ബൈക്കിൽ 12 കിലോ കഞ്ചാവുമായി എത്തിയ യുവാവിനെ പാറശാല പൊലീസ് പിടികൂടി. വെങ്ങാനൂർ അന്തൂർവിളാകം നീലകേശി ക്ഷേത്രത്തിന് സമീപം ഉത്രം നിവാസിൽ അരവിന്ദ് മോഹനാണ് (26) പിടിയിലായത്. തിങ്കളാഴ്ച രാത്രി 9.30ന് മുക്കോല - കാരോട് ബൈപ്പാസ് റോഡിൽ വ്ലാത്താങ്കരയ്ക്ക് സമീപം ഇലവങ്ങാമൂല പാലത്തിന് സമീപം വച്ചായിരുന്നു ഇയാൾ പിടിയിലായത്. ബൈക്ക് തകരാറിലായതോടെ റോഡ് സൈഡിൽ ഒതുക്കി നിറുത്തുകയായിരുന്നു. ഈ സമയമെത്തിയ പൊലീസ് വാഹനത്തെ കണ്ട് പരിഭ്രാന്തനായി പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി കൊണ്ടുവന്ന കഞ്ചാവ് കണ്ടെത്തിയത്. പാറശാല എസ്.എച്ച്.ഒ സജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.