
നാഗർകോവിൽ : രാത്രിയിൽ കന്യാകുമാരി ജില്ലയിലെ കടകളുടെ ഷട്ടർ തകർത്ത് കവർച്ച നടത്തിയ രണ്ട് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, തേക്കടി സ്വദേശി സുരേന്ദ്രന്റെ മകൻ അനിൽ (20), മലയം സ്വദേശി അഖിലേഷ് (20) എന്നിവരാണ് പിടിയിലായത്. ജില്ലയിൽ രാത്രി സമയങ്ങളിൽ തുണിക്കട,മൊബൈൽ ഷോപ്പ് എന്നിവിടങ്ങളിൽ തുടർച്ചയായി കവർച്ച നടന്നതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്. നേമം പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ കൈയിൽ നിന്ന് ലാപ്ടോപ്പുകളും ഫോണും കണ്ടെടുത്തു. മാർത്താണ്ഡം പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.