foklore

14 ഗുരുപൂജ പുരസ്‌കാരം 107 ഫോക്‌ലോർ അവാർഡ്

തിരുവനന്തപുരം: ഫോക്‌ലോർ അക്കാഡമിയുടെ വിവിധ അവാർഡുകൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.
11 പേർക്ക് ഫെലോഷിപ്പ് നൽകും. കുഞ്ഞിരാമൻ പെരുമലയൻ, കുഞ്ഞിരാമൻ പെരുവണ്ണാൻ (ഇരുവരും തെയ്യം, കണ്ണൂർ), പ്രസന്നകുമാർ പി.ടി (പടയണി, പത്തനംതിട്ട), ഡോ.ഫാ. വി.പി. ജോസഫ് (ചവിട്ടുനാടകം, ആലപ്പുഴ), സി.വി. കുഞ്ഞിരാമൻ പണിക്കർ (പൂരക്കളി, കണ്ണൂർ), ആർ.എൻ. പീറ്റക്കണ്ടി (കോൽക്കളി, കോഴിക്കോട്), നാരായണ കൈമൾ പി.എം (വേലകളി, കോട്ടയം), പി.വി. നാരായണൻ (പൊറാട്ട്നാടകം, പാലക്കാട്), എം.ജി. സജികുമാർ (അർജ്ജുനനൃത്തം, കോട്ടയം), കെ.വി. പദ്മനാഭപ്പണിക്കർ മണിയാണി (ചെങ്കൽശില്പം, കണ്ണൂർ), പി.യു. ഉണ്ണി (കണ്യാർകളി, പാലക്കാട്) എന്നിവർക്കാണ് 15,000 രൂപയുടെ ഫെലോഷിപ്പ്.

രവീന്ദ്രൻ കെ (തെയ്യം,കണ്ണൂർ), വാരണാട്ട് ശങ്കരനാരായണ കുറുപ്പ് (മുടിയേറ്റ്, തൃശ്ശൂർ), കെ.എൻ. ഗോപാലകൃഷ്ണൻ (പടയണി, പത്തനംതിട്ട), വിജയൻ ഗുരുക്കൾ വി.എം (കളരിപ്പയറ്റ്, കോഴിക്കോട്), കൃഷ്ണൻ കെ.കെ (പൂരക്കളി, കണ്ണൂർ), പി.യു. കേശവദാസ് (കണ്യാർകളി, പാലക്കാട്), രാവുണ്ണി (പുള്ളുവൻപാട്ട്, പാലക്കാട്), കോമൻ വീട്ടിച്ചോല (പാക്കനാർക്കോലം, മലപ്പുറം), സുന്ദരൻ പി.കെ (നായാടികളി, വെള്ളാട്ട്, ആണ്ടിക്കളി, തുയിലുണർത്ത്,​ പാലക്കാട്), ടി.കെ. പ്രഭാകരൻ (ഗരുഡൻതൂക്കം, എറണാകുളം), എൻ.സുകുമാരൻ (വേലൻപാട്ട്, ആലപ്പുഴ), ടി.വി.ഭാർഗ്ഗവൻ (കരകൗശലം, കണ്ണൂർ), ഒഞ്ചിയം പ്രഭാകരൻ (വടക്കൻപാട്ട്, കോഴിക്കോട്), മല്ലി പി (ആര്യമാല, പാലക്കാട്) എന്നിവർക്കാണ് ഗുരുപൂജ പുരസ്‌കാരം. കൂടാതെ 107 പേർക്ക് ഫോക്‌ലോർ അവാർഡ്. 17 യുവപ്രതിഭാ പുരസ്‌കാരം, 2 പേർക്ക് ഗ്രന്ഥരചന പുരസ്‌കാരം,1 ഡോക്യുമെന്ററി പുരസ്‌കാരം, 5 പേർക്ക് എം.എ ഫോക്‌ലോർ ഒന്നാം റാങ്ക് എന്നിങ്ങനെ 157 അവാർഡുകളാണ് നൽകുന്നത്. ഗുരുപൂജ, ഗ്രന്ഥരചന, ഡോക്യുമെന്ററി എന്നിവയ്ക്ക് 7500 രൂപയും പ്രശസ്തിപത്രവും ഫലകവും യുവപ്രതിഭാ പുരസ്‌കാരം, എം.എ ഫോക്‌ലോർ എന്നിവയ്ക്ക് 5000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്.