
കൊല്ലം: കുഴൽകിണറിൽ സ്ഥാപിച്ചിരുന്ന വാട്ടർ പമ്പ് മോഷ്ടിച്ച പ്രതികൾ പിടിയിൽ. ശക്തികുളങ്ങര കന്നിമേൽചേരി ശരൺനിവാസിൽ ശരൺ(20), ശക്തികുളങ്ങര കന്നിമേൽചേരി വിജയനിവാസിൽ ശ്രീജിത്ത്(23) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര അയ്യാ തോപ്പിൽ ബൻലിൻ ഹൗസിൽ അനിതയുടെ പുതുതായി പണികഴിപ്പിക്കുന്ന വീടിനോട് ചേർന്നുള്ള കുഴൽകിണറിൽ സ്ഥാപിച്ചിരുന്ന വാട്ടർ പമ്പാണ് പ്രതികൾ മോഷ്ടിച്ചത്. പമ്പ് മോഷണം പോയതായി മനസിലാക്കിയ അനിത ശക്തികുളങ്ങര പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ ആശ, ചന്ദ്രമോൻ, പ്രദീപ്, എസ്.സി.പി.ഒ രാഹുൽ, അബുതാഹിർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.