തിരുവനന്തപുരം: പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചത് മന്ത്രിസഭായോഗം സാധൂകരിച്ചു. എട്ടിനാണ് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ, രജിസ്ട്രേഷൻ, മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചത്.

കേരള സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ പദ്ധതി പ്രകാരം തുടർ പെൻഷൻ അനുവദിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി 24,000 രൂപയിൽ നിന്ന് 48,000 ആക്കി ഉയർത്തി.

കാസർകോട് തലപ്പാടിയിൽ ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡിന് പാതയോര അമിനിറ്റി സെന്റർ സ്ഥാപിക്കാൻ 2.2 ഹെക്ടർ ഭൂമി പതിച്ചു നൽകാൻ തീരുമാനിച്ചു.

കൊച്ചി മറൈൻഡ്രൈവിലെ ഹൗസിംഗ് ബോർഡിന്റെ ഭൂമിയിൽ എൻ.ബി.സി.സി (ഇന്ത്യ) ലിമിറ്റഡുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നതിന് ധാരണാപത്രം ഒപ്പു വയ്ക്കാൻ ഹൗസിംഗ് ബോർഡ് സെക്രട്ടറിക്ക് അനുമതി നൽകി. വാണിജ്യ സമുച്ചയം, റസിഡൻഷ്യൽ കോംപ്ലക്സ്, ഇക്കോ ഫ്രണ്ട്ലി പാർക്കുകൾ തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്.