തിരുവനന്തപുരം:തലസ്ഥാന നഗരത്തിലെ രണ്ട് പാലങ്ങൾ ദീപാലംകൃതമാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു.പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഫ്ളൈഓവറും പാളയം - ബേക്കറി ജംഗ്ഷൻ അണ്ടർപാസുമാണ് വൈദ്യുതദീപങ്ങളാൽ അലങ്കരിക്കുക. ഇക്കാര്യം ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചതായി കേരളകൗമുദി സംഘടിപ്പിച്ച ടൂറിസം കോൺക്ളേവിലൂടെ മന്ത്രി ആദ്യമായി വെളിപ്പെടുത്തി.

പാരീസിൽ പോയപ്പോൾ മലയാളിയായ ഒരു സുഹൃത്ത് തന്നെ ദീപാലംകൃതമായ പാലത്തിലേക്ക് കൊണ്ടുപോയി. അവിടെ ആളുകൾ വരുന്നു, സെൽഫിയെടുക്കുന്നു. എല്ലാവരും സന്തോഷത്തോടെ സൗഹൃദം പങ്കിടുന്നു.അതിന് താഴെയുള്ള ചെറിയ പാർക്കിൽ കുട്ടികൾ കളിക്കുന്നു. ചിലർ സംഗീതം ആസ്വദിക്കുന്നു. അന്വേഷിച്ചപ്പോൾ പ്രാദേശിക കലാകാരന്മാരാണ് ഈ പാട്ടുകൾ പാടുന്നത്.അതാകട്ടെ ആളുകൾക്ക് പോസിറ്റീവ് എനർജി നൽകുന്നതുമാണ്.തിരികെ വന്നയുടൻ ഇത് കേരളത്തിലും നടപ്പാക്കാൻ ശ്രമങ്ങൾ തുടങ്ങി. യോഗം വിളിച്ചു. എറണാകുളം ജില്ലയിലാണ് ആദ്യം സ്ഥലം നോക്കിയത്.പക്ഷേ അവിടെ ചില പ്രശ്നങ്ങളുണ്ടായി.അപ്പോഴാണ് കേരളകൗമുദിയോളം പാരമ്പര്യമുള്ള കോഴിക്കോട്ടെ പഴയ ഫറൂഖ് പാലം ഇതിനായി തിരഞ്ഞെടുത്തത്. അതിന് തൊട്ടടുത്ത് അട‍ഞ്ഞുകിടന്ന പാർക്ക് നവീകരിച്ചെടുത്തു. അത് തുറന്നിട്ട് അധിക ദിവസമായിട്ടില്ല.രാത്രി 12 വരെ അവിടെ ആളുകളെത്തുന്നു.ശനിയും ഞായറും റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടക്കുന്നുണ്ട്. ഇത് കേരളം മുഴുവൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തലസ്ഥാന നഗരത്തിലെ രണ്ട് പാലങ്ങൾ ദീപാലംകൃതമാക്കുന്നത് - മന്ത്രി പറഞ്ഞു.