
നെടുമങ്ങാട്: കാളിന്ദീ തീരത്ത് ഗോപികമാർ ഉണ്ണിക്കണ്ണനൊപ്പം നടത്തിയ ആനന്ദനൃത്തമാണ് 'ചരടു പിന്നിക്കളി"യെന്ന തനിനാടൻ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഭക്തിരസം തുളുമ്പുന്ന വായ്മൊഴി പാട്ടും ഉണ്ണിക്കണ്ണന്റെ ആനന്ദ നടനവും ആസ്വാദകരെ ആനന്ദത്തിലാറാടിക്കും. പുതുതലമുറകളെ ചരടുപിന്നിക്കളി പരിശീലിപ്പിച്ച് പതിറ്റാണ്ടുകളായി ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ് ചുള്ളിമാനൂർ ആട്ടുകാൽ ഗുരുകൃപയിൽ പ്രബലകുമാരി എന്ന 62കാരി. അച്ഛൻ ഭാനു ആശാനാണ് പരിശീലകൻ. ശാന്തിഗിരി വിദ്യാ ഭവനിലും ഗുരു കാന്തിയിലും നൃത്താദ്ധ്യാപികയാണ്.2000ത്തിൽ സംസ്ഥാന ഫോക്‌ലോർ അവാർഡും 2010ൽ ഫെലോഷിപ്പും ആശാന് ലഭിച്ചിരുന്നു. പിതാവിന്റെ വിയോഗത്തോടെ പ്രബലകുമാരി ഈ കലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. ഇതിന് ലഭിച്ച അംഗീകാരമാണ് ഇത്തവണത്തെ ഫോക്‌ലോർ അവാർഡ്.
കോലാട്ടുകളി,മൊന്തയും താലവുമേന്തിക്കളി തുടങ്ങിയ നൃത്തരൂപങ്ങളിലും തനതു സംഭാവന നൽകിയിട്ടുണ്ട്. ഭർത്താവ് പ്രമുഖ കമ്പടവ് കളിക്കാരൻ സി.സുരേന്ദ്രനാഥും പിന്തുണയുമായുണ്ട്. 2016ൽ കമ്പടവ്കളിക്ക് സുരേന്ദ്രനാഥും ഫോക്‌ലോർ പുരസ്‌കാരത്തിന് അർഹനായി.
ഗുരുകൃപയിൽ പരിശീലനം നടത്തുന്ന പത്തിനും പതിനാറിനും ഇടയിൽ പ്രായമുള്ള ഒട്ടനവധി നവാഗതർക്ക് ഫോക്‌ലോർ സ്റ്റൈപ്പന്റും സി.സി.ആർ.ടി സ്റ്റൈപ്പന്റും സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പും ലഭിക്കുന്നുണ്ട്. ചെണ്ടമേളത്തിൽ വിദഗ്ദ്ധരാണ് മക്കൾ രാം ജിത്തും പ്രസൂദും.