
ആലപ്പുഴ: കിടപ്പുമുറിയുടെ വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകടന്ന് മുറിയിലെ അലമാര കുത്തിപ്പൊളിച്ച് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചെന്ന വീട്ടമ്മയുടെപരാതിയിൽ ഭർത്താവ് പൊലീസ് പിടിയിലായി.
വെണ്മണി പഞ്ചായത്ത് 9ാം വാർഡിൽ ബിനോയ് ഭവനത്തിൽ മിനിയുടെ പരാതിയിലാണ് ഭർത്താവ് ഇടിക്കുള വർഗ്ഗീസിനെ (ബെഞ്ചമിൻ - 54 ) അറസ്റ്റ് ചെയ്തത്. രണ്ട് വർഷത്തോളമായി വീട്ടിൽ നിന്നും മാറിത്താമസിച്ചിരുന്ന പ്രതി നാടുവിട്ട് പോകുന്നതിനാണ് ഭാര്യ രാത്രിയിൽ ജോലിക്കുപോയിരുന്ന സമയം പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. കൃത്യത്തിനുശേഷം ഇയാൾ തിരുവനന്തപുരം, പന്തളം എന്നിവിടങ്ങളിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ സംഘംതിരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. തുടക്കം മുതൽ ബഞ്ചമിനെ പൊലീസ് സംശയയിച്ചിരുന്നു. ഇയാൾ പന്തളം കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപം നിൽക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പിടികൂടി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു.
ജനുവരി 15ന് രാത്രിയായിരുന്നു മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണ്ണമാലകളും, ഒരു മോതിരവും, ആഞ്ച് വളകളും ഉൾപ്പെടെ 11 പവനോളം ആഭരണങ്ങളും അയ്യായിരത്തോളം രൂപയും മോഷ്ടിച്ചുവെന്നാണ് മിനി നൽകിയ മൊഴി. ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിൽ വെണ്മണി പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ആന്റണി.ബി.ജെ, അരുൺകുമാർ.എ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീവ്, റഹീം, അനുരൂപ്, അഭിലാഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാംകുമാർ, ജയരാജ്, ഫ്രാൻസിസ് സേവ്യർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.