
ചോറ്റാനിക്കര: കാറിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കാഞ്ഞിരമറ്റം പഴയപഞ്ചായത്തിന് സമീപം താമസിക്കുന്ന കുന്നലക്കാട്ട് സുരേഷാണ് (55) മരിച്ചത്. ആമ്പല്ലൂർ പള്ളിത്താഴത്ത് ടയർപഞ്ചർ വർക്ക്ഷോപ്പ് നടത്തുകയാണ് സുരേഷ്. ജനുവരി 14നാണ് സംഭവം.
കാഞ്ഞിരമറ്റത്തെത്തിയ മലപ്പുറം സ്വദേശി മുഹമ്മദലി സഞ്ചരിച്ചിരുന്ന കാറിന് സൈഡ് കൊടുത്തില്ലെന്ന തർക്കമാണ് അടിയിൽ കലാശിച്ചത്. സർവേയ്ക്ക് ഉപയോഗിക്കുന്ന ഉപകരണംകൊണ്ടാണ് പ്രതി മുഹമ്മദലി സുരേഷിന്റെ തലയ്ക്ക് അടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.
സംഭവം നടന്ന അന്നുതന്നെ പ്രതി മലപ്പുറം ഉഗ്രപുരം അരീക്കോട് സ്വദേശി മുഹമ്മദ് അലിയെ മുളന്തുരുത്തി എസ്.എച്ച്.ഒ മനേഷ് പൗലോസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.
മുഹമ്മദലിയുടെ ഭാര്യവീട് കാഞ്ഞിരമറ്റത്താണ്. ഇവിടത്തെ ആഘോഷത്തിൽ പങ്കെടുക്കാൻ കുടുംബസമേതം കാറിൽവരുമ്പോഴാണ് സംഘർഷമുണ്ടാകുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം സുരേഷിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഭാര്യ: രാജേശ്വരി, മക്കൾ: സുജിത്ത്, സുചിത്ര.