rajeev

തിരുവനന്തപുരം; സെക്രട്ടേറിയറ്റിലെ വ്യവസായ വകുപ്പിൽ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്ടറേറ്റിൽ പ്രത്യേക വാണിജ്യ ഡിവിഷനും സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് വ്യാപാര വാണിജ്യ മേഖലയ്ക്ക് അർഹിക്കുന്ന പ്രധാന്യം നല്കലാണ് ഉദ്ദേശ്യം. പല വ്യാപാരി , വ്യവസായ സംഘടനകളുടെയും നവകേരള സദസിന്റെ പല വേദികളിലെയും ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

മാറുന്ന കാലത്തെ ബിസിനസ് അന്തരീക്ഷത്തിന്റെ ആവശ്യം കണക്കിലെടുത്ത് ,വ്യാപാര, വാണിജ്യ മേഖലയ്ക്ക് ഊന്നൽ

നൽകും. ട്രേഡ് പ്രൊമോഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കേന്ദ്ര വാണിജ്യ വകുപ്പിന് സമാനമായി കേരളത്തിലും നടപ്പിലാക്കും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കും. ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് ഒരു അണ്ടർ സെക്രട്ടറിയെയും ഐ.എ.എസ് കേഡറിൽ നിന്നുള്ള സ്‌പെഷ്യൽ ഓഫീസർ കൊമേഴ്‌സ് തുടങ്ങി വിവിധ തസ്‌തികകളിൽ നിയോഗിക്കുമെന്നും വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ലക്ഷ്യങ്ങൾ

#എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഇൻഷ്വറൻസ് ഏർപ്പെടുത്തും. പ്രീമിയത്തിന്റെ പകുതി സർക്കാർ വഹിക്കും.

#ചില്ലറ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള പ്രധാന വ്യാപാര മേളകളിലും പ്രദർശനങ്ങളിലും പങ്കെടുക്കാൻ സംരംഭകർക്ക് സഹായം നൽകും.

#അന്തദേശീയ വിപണിയെക്കുറിച്ച് പഠിക്കാൻ ബിസിനസുകാർക്ക് അവസരം സൃഷ്ടിക്കും.
#വിവിധ മാർക്കറ്റ് പ്രൊമോഷണൽ പ്രോഗ്രാമുകൾ നടപ്പാക്കും. ജില്ലാ, താലൂക്ക്, നഗര, തദ്ദേശ തല എക്‌സ്ബിഷനുകൾ സംഘടിപ്പിക്കും.

# വാണിജ്യ മേഖലയുടെ പ്രോത്സാഹനത്തിനായി ഇൻസെന്റീവ് നടപ്പാക്കും.

# റീട്ടെയിൽ വ്യാപാര മേഖലയ്ക്ക് 4 ശതമാനം പരിശനിരക്കിൽ 10 ലക്ഷം വരെയുള്ള വായ്പ അനുവദിക്കും.

# സംസ്ഥാന , ജില്ലാ തലങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്ന സംരംഭകർക്ക് അവാർഡുകൾ നൽകും.

#കയറ്റുമതി പ്രോത്സാഹത്തിന് പിന്തുണ നൽകും.