തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ 3000 'സ്നേഹാരാമങ്ങളുടെ' സംസ്ഥാനതല ഉദ്ഘാടനവും സംയുക്ത സമർപ്പണവും വഴുതക്കാട് വിമെൻസ് കോളേജിൽ മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. സാമൂഹിക പ്രതിബദ്ധത ഊട്ടിവളർത്തി വിദ്യാർത്ഥികളെ യഥാർത്ഥ സാമൂഹ്യജീവികളാക്കുന്നതിൽ എൻ.എസ്.എസ് വഹിക്കുന്ന പങ്ക് വലുതാണെന്ന് മന്ത്രി പറഞ്ഞു. മാലിന്യസംസ്‌കരണത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി എൻ.എസ്.എസ് വോളന്റിയർമാരെ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർക്കും എസ്.എം.വി സ്‌കൂളിലെ വിദ്യാർത്ഥികൾക്കും ഭരണഘടനയുടെ ആമുഖം മന്ത്രി ഡോ.ആർ.ബിന്ദു കൈമാറി. തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ.ആർ.എൻ.അൻസർ, എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ പി.എൻ.സന്തോഷ്, വിമെൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.വി.കെ.അനുരാധ, കേരള സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.എ.ഷാജി തുടങ്ങിയവർ പങ്കെടുത്തു. ബേക്കറി ജംഗ്ഷനിൽ റിസ‌ർവ് ബാങ്ക് പരിസരത്ത് മാലിന്യം നീക്കി ചെടികൾ നട്ടുപിടിപ്പിച്ചാണ് സ്നേഹാരാമം തീർത്തത്.

സ്നേഹാരാമം


3000 മാലിന്യനിക്ഷേപ കേന്ദ്രങ്ങളെ ശുചീകരിച്ചു സൗന്ദര്യവത്കരണം നടത്തി

തദ്ദേശസ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ എൻ.എസ്.എസ് യൂണിറ്റാണ് പദ്ധതി പൂർത്തിയാക്കിയത്.

പച്ചത്തുരുത്ത്, വെർട്ടിക്കൽ ഗാർഡൻ, വിശ്രമകേന്ദ്രം എന്നിവ ഇവിടെ സജ്ജമാക്കും