ശംഖുംമുഖം: വിമാനത്താവളത്തിലെ ജീവനക്കാരുടെ ഒത്താശയോടെ കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോയിലധികമുള്ള സ്വർണം ടോയ്ലെറ്റിൽ വച്ച് കൈമാറുന്നതിനിടെ എയർകസ്റ്റംസ് ഇന്റലിജൻസും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗവും (ഡി.ആർ.ഐ) ചേർന്ന് പിടികൂടി.
സംഭവത്തിൽ വിമാനത്താവളത്തിലെ ക്ളീനിംഗ് കരാറെടുത്തിരിക്കുന്ന ബി.ബി.ജി ഏജൻസിയിലെ കരാർ ജീവനക്കാരായ ഹെവിൻ ഹെൻട്രി,ലിബിൻ ലോപ്പസ്, സ്വർണം കൊണ്ടുവന്ന യാത്രക്കാരൻ വള്ളക്കടവ് സ്വദേശി സക്കീർ ഹുസൈൻ അസംജാൻ എന്നിവരെ പിടികൂടി. രഹസ്യവിവരം ഡി.ആർ.ഐക്ക് ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ സംഘം വിമാനത്താവളത്തിലെത്തി എയർകസ്റ്റംസ് അധികൃതരുമായി ചർച്ച ചെയ്‌ത് നീരീക്ഷണം ശക്തമാക്കിയിരുന്നു.
പരിശോധനകൾ നടക്കുന്നതിനിടെ ഇന്നലെ രാവിലെ ദുബായിൽ നിന്നുമെത്തിയ എമിറേറ്റസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന അസംജാൻ ഭാര്യയുമായി വിമാനത്തിൽ നിന്നുമിറങ്ങിയ ശേഷം എമിഗ്രേഷൻ പരിശോധനയ്‌ക്കെത്തുന്നിതിന് മുമ്പുള്ള ഏരിയയിലെ ടോയ്ലെറ്റിൽ വച്ച് തന്റെ കൈവശമുണ്ടായിരുന്ന 1.3 കിലോ സ്വർണം ക്ളീനിംഗ് ജീവനക്കാർക്ക് കൈമാറുകയായിരുന്നു. ഈ സമയം ടോയ്ലെറ്റിന്റെ പരിസരത്ത് മഫ്‌തിയിലുണ്ടായിരുന്ന ഡി.ആർ.ഐ ഉദ്യോഗസ്ഥരും എയർകസ്റ്റംസ് അധികൃതരും ചേർന്ന് മൂന്നുപേരെയും പിടികൂടുകയായിരുന്നു. ഡി.ആർ.ഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ ഇവർ സ്വർണക്കടത്ത് സംഘത്തിന്റെ കാരിയർമാരായി പ്രവർത്തിക്കുന്നവരാണെന്ന് കണ്ടെത്തി.
അസംജാന്റ ഒപ്പമുണ്ടായിരുന്ന ഭാര്യ ഈ വിവരം അറിഞ്ഞിരുന്നില്ല. മുൻകൂട്ടി ക്ളീനിംഗ് ജീവനക്കാർക്ക് ലഭിച്ച നിർദ്ദേശപ്രകാരം എമിറേറ്റ്സ് വിമാനത്തിലെത്തുന്ന യാത്രക്കാരൻ സ്വർണം കൊണ്ടുവരുമെന്നും ടോയ്ലെറ്റിൽ വച്ച് സ്വർണം കൈമാറുമെന്നും ഈസ്വർണം വേസ്റ്റുകളുടെ കൂട്ടത്തിൽ പുറത്തെത്തിക്കണമെന്നായിരുന്നു ജീവനക്കാർക്ക് നൽകിയ നിർദ്ദേശം. പിടികൂടിയ സ്വർണത്തിന് 83 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് വിവരം.