arif-and-pinarayi

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ ഗവർണർ നടത്തുന്ന വിരുന്നിലേക്ക് (അറ്റ് ഹോം) മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണം. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിനെതിരെ സർക്കാർ ഗവർണർക്കെതിരേ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തുന്നതിനിടെയാണ്, ഗവർണർ സത്കാരത്തിന് ഇവരെ ക്ഷണിച്ചത്. ഗവർണറുടെ ക്രിസ്‌മസ് വിരുന്നിൽനിന്ന് വിട്ടുനിന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും ഗവർണറുടെ വിരുന്ന് ബഹിഷ്കരിച്ചിരുന്നു.

റിപ്പബ്ലിക് ദിന വിരുന്നിന് 20ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. എം.പിമാർ, എം.എൽ.എമാർ, സിവിൽസർവീസ്, പ്രതിരോധ സേനകളിലെ ഉദ്യോഗസ്ഥർ, സ്വാതന്ത്ര്യസമര സേനാനികൾ, ഭിന്നശേഷിയുള്ള കുട്ടികൾ അടക്കം 1200 പേർക്കാണ് ക്ഷണം. വൈകിട്ട് ആറരയ്ക്കാണ് സത്കാരം. ഇതിനായി രാജ്ഭവൻ മുറ്റത്ത് പന്തലിട്ടു.