s

 ഭാഗ്യവാനെ കണ്ടെത്തിയില്ല

തിരുവനന്തപുരം/ പാലക്കാട്: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റർ എന്ന ലോട്ടറി കടയിൽ നിന്ന് വില്പന നടത്തിയ ക്രിസ്മസ് ന്യൂഇയർ ബമ്പർ ടിക്കറ്റിന് ഒന്നാം സമ്മാനമായ ഇരുപതു കോടി രൂപ. ടിക്കറ്റ് നമ്പർ എക്സ് സി.224091.

ലോട്ടറി വകുപ്പിൽ നിന്ന് ഇതു വാങ്ങിയത് പാലക്കാട്ടെ വിൻസ്റ്റാർ ലോട്ടറി ഏജൻസി ഉടമ പി. ഷാജഹാനായിരുന്നു. അവിടെ നിന്നാണ് ലക്ഷ്മി സെന്റർ ഉടമ ദൊരൈരാജ് വാങ്ങിയത്. പദ്മനാഭ സ്വാമി ക്ഷേത്രം സന്ദർശിക്കുന്ന മറ്റു സംസ്ഥാനക്കാർ അടക്കമുള്ളവർ ടിക്കറ്റ് വാങ്ങാറുള്ളതിനാൽ ഭാഗ്യശാലി ആരെന്ന് വ്യക്തമല്ല. മറ്റു ജില്ലകളിൽ നിന്നെത്തുന്ന മലയാളികളും തിരുവനന്തപുരത്തുള്ളവരും ബമ്പർ ടിക്കറ്റുകൾ ഇവിടെ നിന്ന് വാങ്ങിയിട്ടുണ്ട്.

ആദ്യമായാണ് ഇത്രയും വലിയ സമ്മാനമെന്ന് ദൊരൈരാജ് പറഞ്ഞു. ഒരുമാസം മുമ്പാണ് പാലക്കാട്ടുനിന്ന് ടിക്കറ്റ് വാങ്ങിയത്.പതിനഞ്ചു വർഷമായി പാലക്കാട്ട് പോയി ടിക്കറ്റ് എടുക്കാറുണ്ട്. പത്തുശതമാനം ഏജൻസി കമ്മിഷൻ ദൊരൈരാജിന് ലഭിക്കും. ഇത് രണ്ടുകോടി രൂപ വരും.

പാലക്കാട് അയ്യപുരം ശാസ്താപുരി സ്വദേശി എം.ഷാജഹാൻ 20 വർഷമായി ലോട്ടറി വില്പന നടത്തുകയാണ് . സ്റ്റേഡിയം സ്റ്റാൻഡ്, ജി.ബി റോഡ്, ഒലവക്കോട് എന്നിവിടങ്ങളിലായി ആറ് കടകളുണ്ട്. 2012ൽ തിരുവോണം ബമ്പർ ആൾട്ടോ കാർ സമ്മാനമായി ലഭിച്ചിരുന്നു. ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ മാത്രം 40000 ടിക്കറ്റുകളാണ് വിറ്റത്.