തിരുവനന്തപുരം: ക്രിസ്മസ് ന്യൂ ഈയർ ബമ്പർ നറുക്കെടുപ്പ് നടത്തിയ ഇന്നലെത്തന്നെ സമ്മർ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് പുറത്തിറക്കി. പത്തു കോടി രൂപയാണ് ഒന്നാം സമ്മാനം.
ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പും സമ്മർ ബമ്പർ പ്രകാശനവും ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
സമ്മർ ബമ്പറിന്റെ ബ്ലോ അപ്പ് ചലച്ചിത്രതാരം സോനാ നായർക്ക് നൽകി മന്ത്രി കെ.എൻബാലഗോപാൽ പ്രകാശനം ചെയ്തു. രണ്ടാം സമ്മാനം 50 ലക്ഷമാണ്. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും ലഭിക്കും. ടിക്കറ്റ് വില 250 രൂപ. നറുക്കെടുപ്പ് മാർച്ച് 27ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.
ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ മായാ എൻ.പിള്ള, രാജ് കപൂർ എന്നിവരും സന്നിഹിതരായിരുന്നു.