
കാട്ടാക്കട: വിൽ കലാമേളയെ ജനകീയമാക്കിയ കോട്ടിയക്കോണം രവീന്ദ്രൻ നായർക്ക് ലഭിച്ച ഫോക്ക് ലോർ അക്കാഡമി അവാർഡ് അർഹതയ്ക്കുള്ള അംഗീകാരമാണ്.ആധുനിക സംഗീതോപകരണങ്ങളുടെയും വർണ പ്രകാശ വിന്യാസങ്ങളുടെയും അകമ്പടിയോടെ വിൽ കലാമേളയെ ആസ്വാദക മനസിലേക്കെത്തിക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. 50 വർഷമായി വിൽപ്പാട്ട് രംഗത്ത് സജീവമാണ് ഇദ്ദേഹം. പൂഴനാട് ഭാവന കലാസാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള വിൽപ്പാട്ട് സമിതിയുടെ അമരക്കാരനുമാണ്.കേരളത്തിൽ അങ്ങോളമിങ്ങോളം ആയിരത്തിലധികം വേദികളിൽ വിൽപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴും നിരവധി പേരെ പരിശീലിപ്പിക്കുകയും അന്യം നിന്നു പോകുമായിരുന്ന ഈ കലയെ സജീവമായി നിലനിറുത്താൻ 71ാം വയസിലും പരിപാടികളുമായി സജീവമാണ്.കള്ളിക്കാട് മൈലക്കര രാഖി ഭവനിലാണ് താമസം.പ്രഭാവതി അമ്മയാണ് ഭാര്യ.പ്രദീപ്,അനുരൂപ് എന്നിവർ മക്കളാണ്.