തിരുവനന്തപുരം:നഗരത്തിലെ ഗതാഗതത്തിരക്കേറിയ പേട്ട-ആനയറ-ഒരുവാതിൽക്കോട്ട റോഡ് വീതി കൂട്ടി നവീകരിക്കാനുള്ള പദ്ധതിക്ക് ഭരണാനുമതിയായി.ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അനുമതി നൽകിയത്. ഇതോടെ ഏറെക്കാലമായി തകർന്നുകിടക്കുന്ന റോഡിന് വൈകാതെ പുതുജീവൻ കൈവരും.

പ്രതിദിനം നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റോഡ് വർഷങ്ങളായി തകർന്ന നിലയിലാണ്. അതിനാൽ റോഡ് നവീകരിക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു. 32.64 കോടി രൂപ ചെലവിട്ട് രണ്ട് ഘട്ടമായാണ് റോഡ് നവീകരിക്കുക. 2016-17 ബഡ്ജറ്റിൽ കിഫ്ബി വഴി നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പേട്ട - ആനയറ - ഒരുവാതിൽക്കോട്ട റോഡ് വികസനം. എന്നാൽ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം പദ്ധതി അനന്തമായി നീളുകയായിരുന്നു.പേട്ട റെയിൽ ഓവർ ബ്രിഡ്ജ് മുതൽ വെൺപാലവട്ടം വരെ 14 മീറ്റർ വീതിയിലും വെൺപാലവട്ടം മുതൽ ദേശീയപാതാ ബൈപ്പാസ് സർവീസ് റോഡ് വരെ 12 മീറ്റർ വീതിയിലുമായിരിക്കും റോഡ് വികസിപ്പിക്കുക.റോഡ് വീതി കൂട്ടലിന് പുറമേ ഇരുവശത്തും ഫുട്പാത്ത്,​

കലുങ്ക് കോൺക്രീറ്റ് ഡ്രെയിനുകൾ,ട്രാഫിക്ക് ക്രമീകരണങ്ങൾ തുടങ്ങിയവയും ഏർപ്പെടുത്തും. രണ്ട് സ്‌ട്രെച്ചുകളിലുമായി 3.66 കിലോമീറ്ററാണ് റോഡിന്റെ ആകെ നീളം. ഒന്നര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് കേരള റോഡ് ഫണ്ട് ബോർഡ് ലക്ഷ്യമിടുന്നത്. റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശത്തുമുള്ള ഭൂമിയേറ്റെടുക്കലിനായി 614 ഭൂവുടമകൾക്ക് ജില്ലാ ഭരണകൂടം നഷ്ടപരിഹാരം നൽകിയിരുന്നു. കാറ്റഗറി എയിൽ ഉൾപ്പെട്ട 428 ഭൂവുടമകൾക്ക് 54 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി. റോഡ് വികസനത്തിന്റെ ഭാഗമായി കടകംപള്ളി വില്ലേജിൽ 164.67ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്.

 റോഡിന്റെ ആകെ നീളം- 3.66 കിലോമീറ്റർ

 ഒന്നാം സ്ട്രെച്ച്- 2.44 കിലോമീറ്റർ

രണ്ടാം സ്ട്രെച്ച്- 1.22 കിലോമീറ്റർ

പദ്ധതിത്തുക- 32.64 കോടി രൂപ

ബസ് ഷെൽട്ടറുകൾ- 13