ശ്രീകാര്യം: ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തിൽ നടത്തിയ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക വകുപ്പ് ശ്രീനാരായണ അന്താരാഷ്ട്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ മതസൗഹാർദ്ദസംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെമ്പഴന്തി ഗുരുകുലം അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫെബ്രുവരി 17 ന് ചെമ്പഴന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടി ആലുവയിൽ സമാപിക്കും. വർത്തമാനകാലത്ത് പ്രസക്തമായ വിഷയമായതിനാലാണ് വിവിധ മത വിഭാഗങ്ങളെ ഉൾപ്പെടുത്തി സാംസ്കാരിക കൺവെൻഷനുകൾ നടത്താൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെയും ജീവിതരീതിയെയും സംബന്ധിച്ച പ്രഭാഷണങ്ങളും ഇതോടനുബന്ധിച്ച് നടക്കും. എല്ലാ മത - സമുദായങ്ങളെയും സംഗമത്തിന്റെ ഭാഗമാക്കും.

ചെമ്പഴന്തി ഗുരുകുലത്തിലെ മതസൗഹാർദ്ദ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി സജി ചെറിയാൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവർ രക്ഷാധികാരികളാണ്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ചെയർമാനും ജില്ലയിലെ എം.പിമാർ , എം.എൽ. എമാർ, നഗരസഭാ കൗൺസിലർമാർ, ചെമ്പഴന്തി ഗുരുകുലത്തിലെ സ്വാമി അഭയാനന്ദ തുടങ്ങിയവർ വൈസ് ചെയർമാൻമാരും ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ. ശിശുപാലൻ ജനറൽ കൺവീനറുമാണ്.