തിരുവനന്തപുരം: പ്രിയ ഗുരുനാഥന് ഹൃദയാർച്ചനയുമായി സംഗീതപ്രതിഭകൾ കൈകോർത്ത സായാഹ്നം. മനംനിറഞ്ഞ് സംഗീതസംവിധായകൻ പെരുമ്പാവൂർ ! എൺപതിലെത്തിയ ജി.രവീന്ദ്രനാഥിനെ അനുമോദിക്കാൻ ടാഗോർ തിയേറ്ററിൽ പിന്നണി ഗായകരുടെ കൂട്ടായ്മയായ സമം സംഘടിപ്പിച്ച 'ഒന്നാം രാഗം' തലസ്ഥാനത്തിന് സ്വരമഴ സമ്മാനിച്ചു. ശിഷ്യരുടേയും പുതുതലമുറ ഗായകരുടേയും ആദരമേറ്റുവാങ്ങിയ രവീന്ദ്രനാഥിന്റെ വാക്കുകൾ: 'ഈശ്വരൻ സമ്മാനിച്ച നിമിഷം. തേക്കുപാട്ട് കേട്ടുവളർന്ന ഇന്നലെകളിൽ നിന്നും എല്ലാവരുടേയും സ്‌നേഹവായ്പ്പിലേക്കുള്ള ഈ സഞ്ചാരത്തിന് പിന്നിൽ ഈശ്വരാധീനം മാത്രം.എന്റെ കുറച്ചു പാട്ടുകളെങ്കിലും സംഗീതം ഇഷ്ടപ്പെടുന്നവരുടെ ഹൃദയത്തിലുണ്ടല്ലോ, അതിൽപ്പരം സന്തോഷമില്ല. ഗുരുക്കന്മാർക്കും ഗായകർക്കും പ്രിയപ്പെട്ട ശിഷ്യന്മാർക്കും എന്റെ പ്രണാമം !'
ഗായകരായ ചിത്ര, എം.ജി.ശ്രീകുമാർ, ജി.വേണുഗോപാൽ,ഉണ്ണി മേനോൻ തുടങ്ങി പിന്നണി ഗായകരുടെ വലിയനിരതന്നെ പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന് ആദരമർപ്പിച്ച് ഗാനങ്ങൾ ആലപിച്ചു.
സംഗീതപ്രേമികൾ കാത്തുസൂക്ഷിക്കുന്ന പാട്ടുകളൊരുക്കിയ പ്രതിഭയെത്തേടി വൈകാതെ കൂടുതൽ അംഗീകാരങ്ങളെത്തുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു.
'തൂവാനത്തുമ്പി'കളിലും 'ഇന്നലെ'യിലും പത്മരാജനുവേണ്ടി പാട്ടൊരുക്കിയ രവീന്ദ്രനാഥിന് പത്മരാജന്റെ പത്നി രാധാലക്ഷ്മി പത്മരാജൻ ഹൃദയ നമസ്കാരം അർപ്പിച്ചു, അവരുടെ വാക്കുകൾ -. 'ആകാശവാണിയിലായിരുന്നു ഇരുവരും. രവീന്ദ്രനാഥിന്റെ ലളിതഗാനസംഗീത പരിപാടി കേട്ട പത്മരാജൻ രവീന്ദ്രനാഥിനെ കാണാനെത്തി ആദ്യ കാഴ്ചയിൽത്തന്നെ പറഞ്ഞു, നിങ്ങളുടെ പാട്ട് ഇഷ്ടമായി, ഒരിക്കൽ നിങ്ങളെന്റെ സിനിമയിൽ സംഗീതം ചെയ്യും. 'ഒന്നാം രാഗം പാടി', 'മേഘം പൂത്തുതുടങ്ങി.' 'നീ വിൺ പൂ പോൽ ഇതളായ് തെളിയും വരമായ് നിറമായ്..' പത്മരാജനു വേണ്ടി ചിട്ടപ്പെടുത്തിയ പാട്ടുകളെല്ലാം ഹിറ്റായി.പത്മരാജന്റെ 33–ാം ചരമദിനത്തിൽ രവീന്ദ്രനാഥിനെ ആദരിക്കുന്ന പരിപാടിയിൽ പങ്കെടുത്തത് പത്മരാജനും രവീന്ദ്രനാഥും തമ്മിലുളള സൗഹൃദത്തിന്റെ ആഴമറിഞ്ഞാണെന്നും രാധാലക്ഷ്മി പറഞ്ഞു. സംവിധായകരായ ജയരാജ്,രാജസേനൻ, രാജീവ്കുമാർ, നിർമാതാവ് ജി.സുരേഷ്‌കുമാർ, സംഗീതസംവിധായകനായ രമേഷ് നാരായൺ, ശരത്, ഡോ.കെ.ഓമനക്കുട്ടി, കൃഷ്ണചന്ദ്രൻ, കാവാലം ശ്രീകുമാർ, മേനക, പുഷ്പവതി, കെ.എസ്.സുദീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. യേശുദാസ്, പി.ജയചന്ദ്രൻ എന്നിവർ വീഡിയോയിലൂടെ ആശംസകൾ നേർന്നു.