d

വൃദ്ധജനങ്ങൾ ഏറ്റവും കൂടുതൽ ഒറ്റയ്ക്കു കഴിയുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് കേരളത്തിന്റെ സ്ഥാനം. ഭൂരിപക്ഷം പേരുടെ കാര്യത്തിലും മക്കൾക്ക് വിദേശത്തായിരിക്കും ജോലി. നാട്ടിൽത്തന്നെ താമസിക്കുന്ന മക്കളുണ്ടെങ്കിൽപ്പോലും നഗരങ്ങളിലും മറ്റും മറ്റുവീടുകളിലായിരിക്കും താമസം. അതിനാൽ ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധരായ ദമ്പതികൾക്ക് പരസഹായത്തിന് പലരെയും വീട്ടിൽ നിറുത്തിയേ മതിയാവൂ. അംഗീകൃത ഏജൻസികൾ വഴിയാണ് കിടപ്പുരോഗികളെയും മറ്റും പരിചരിക്കാൻ ഹോം നഴ്‌സുകളെ നിയോഗിക്കുന്നത്. ഇത്തരം ജോലികൾ ചെയ്യാൻ എല്ലായിടത്തും മലയാളികളെത്തന്നെ കിട്ടണമെന്നില്ല. അങ്ങനെ വരുമ്പോഴാണ് അന്യസംസ്ഥാനക്കാരെ വീട്ടുജോലിക്കായും മറ്റും ഏർപ്പെടുത്തുന്നത്. മതിയായ അന്വേഷണം നടത്താതെയും പൊലീസിനെയും പഞ്ചായത്തുകാരെയും അറിയിക്കാതെയും ഇത്തരക്കാരെ ഏർപ്പെടുത്തുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാണിക്കുന്ന സംഭവമാണ് വർക്കലയിൽ നടന്നത്.

ഇത്തരം സംഭവങ്ങൾ മുൻപും കേരളത്തിൽ നടന്നിട്ടുണ്ട്. ഭാവിയിൽ ഇത് ആവർത്തിക്കാനും സാദ്ധ്യതയുണ്ട്. ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി വീട്ടമ്മയെയും മരുമകളെയും ഹോം നഴ്‌സിനെയും മയക്കിയ ശേഷം വീട്ടുജോലിക്കാരിയും നാലംഗ സംഘവും 35,000 രൂപയും സ്വർണാഭരണങ്ങളുമാണ് വർക്കലയ്ക്കു സമീപം ഇലകമൺ ഹരിഹരപുരം ലൈയിം വില്ലയിൽ നിന്ന് കവർന്നത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. രാത്രി വീട്ടുകാർ കഴിച്ച ചപ്പാത്തിയിലും കറിയിലുമാണ് ലഹരിമരുന്നു കലർത്തിയത്. വീട്ടുകാരെല്ലാം മയങ്ങിയെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് നേപ്പാൾ സ്വദേശിനിയായ വീട്ടുജോലിക്കാരി നാലംഗ സംഘത്തെ വിളിച്ചുവരുത്തിയത്. വീട്ടിൽ കയറിയവർ മോഷണം നടത്തിക്കൊണ്ടിരിക്കെ ഗൃഹനായികയായ ശ്രീദേവി അമ്മയുടെ ബംഗളൂരുവിൽ ജോലിചെയ്യുന്ന മകൻ ഫോൺ വിളിച്ചെങ്കിലും ആരും എടുത്തില്ല. സംശയം തോന്നിയ മകൻ ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ മോഷ്ടാക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഒരാളെ നാട്ടുകാർ പിടികൂടി.

തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട മറ്റൊരു പ്രതിയെ രാവിലെ നാട്ടുകാർതന്നെ പിടികൂടി പൊലീസിനു കൈമാറി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വീട്ടുകാർ ഭാഗ്യവശാൽ അപകടനില തരണം ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ഈ വീട്ടിൽ നേപ്പാൾ സ്വദേശിനി വീട്ടുജോലിക്കായി എത്തിയത്. ശ്രീദേവി അമ്മയുടെ മകൻ ഫോൺ വിളിച്ചില്ലായിരുന്നെങ്കിൽ കവർച്ചാമുതലുമായി ഇവർ കടന്നുകളയുമായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട ജാഗ്രത പുലർത്താൻ സർക്കാരിനും ഉത്തരവാദിത്വമുണ്ട്. സാമൂഹിക ക്ഷേമ വകുപ്പും ആഭ്യന്തര വകുപ്പും ഇതിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്.

അന്യസംസ്ഥാനക്കാരെ ജോലിക്കു നിറുത്തുന്നവർ അവരുടെ വിവരങ്ങൾ അധികൃത കേന്ദ്രങ്ങളെ അറിയിക്കണം. പൊലീസും സ്ഥലത്തെത്തി ജോലിക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും ഫോട്ടോ എടുക്കുകയും വേണം. അന്യസംസ്ഥാനക്കാരായ എല്ലാവരും മോഷ്ടാക്കളോ വീട്ടുകാരെ കൊല്ലുന്നവരോ അല്ല. ഭൂരിപക്ഷം പേരും ജീവിക്കാൻ വേണ്ടി പണിയെടുക്കാൻ വരുന്നവരാണ്. എന്നാൽ ഇവരിൽ ഒരു നേരിയ ശതമാനം മറ്റ് ഉദ്ദേശ്യങ്ങളുമായാണ് എത്തുന്നത്. വീട്ടുകാരുടെ വിശ്വാസം കവരാൻ വീട്ടുജോലിക്കായി എത്തുന്ന അന്യസംസ്ഥാനക്കാർക്ക് വേഗം കഴിഞ്ഞെന്നിരിക്കും. ഇതു മുതലെടുക്കുന്ന സംഘങ്ങൾ ഇങ്ങോട്ടു വരുന്നില്ലെന്ന് പറയാനാകില്ല. അതിനാൽ ഇക്കാര്യത്തിൽ എന്തൊക്കെ മുൻകരുതലുകളും നടപടികളും എടുക്കാനാവുമെന്ന് ബന്ധപ്പെട്ട അധികൃതർ ചിന്തിക്കേണ്ടതാണ്.