g-r-anil

തിരുവനന്തപുരം: അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും നമ്മുടെ നാടിനെ ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുക്കാൻ നിർണായക പങ്കു വഹിച്ച മഹാത്മാക്കളിൽ ഒരാളാണ് ഡോ. പി. പല്പു എന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പൽപ്പു ഫൗണ്ടേഷൻ സംഘടിപ്പിച്ച 74ാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നിപ്പോൾ നമ്മുടെ നാടിനെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുകയാണ്. മതങ്ങളുടെ ശക്തി മതവിദ്വേഷത്തിനുവേണ്ടി ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. അതിനെതിരെ പോരാടുകയാണ് നമുക്ക് ഡോ. പല്പുവിനോട് കാട്ടാൻ കഴിയുന്ന ഏറ്റവും വലിയ ആദരവെന്നും മന്ത്രി പറഞ്ഞു. ജീവകാരുണ്യപ്രവർത്തനത്തിന്റെ മാഹാത്മ്യം നമുക്ക് കാട്ടിത്തന്ന മഹാപുരുഷനാണ് ഡോ. പി. പൽപ്പു എന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കേരള കൗമുദി ഡയറക്ടർ ശൈലജ രവി പറഞ്ഞു.

ശ്രീനാരായണഗുരു കഴിഞ്ഞാൽ കേരള സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പോരാട്ടം നടത്തിയ ഏറ്റവും ആദരണീയനായ വ്യക്തിയാണ് ഡോ. പൽപ്പുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കേരള കൗമുദി ഡയറക്ടർ ശൈലജ രവി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും നല്ല ശിഷ്യന്മാരിൽ ഒരാളായിരുന്നു പൽപ്പു. വസൂരി വ്യാപകമായപ്പോൾ ജീവൻ പണയപ്പെടുത്തി രോഗികളെ പരിചരിച്ച ചരിത്രവും പൽപ്പുവിനുണ്ടെന്നും ശൈലജ രവി പറഞ്ഞു.

ഗോകുലം മെഡിക്കൽ കോളേജ് എം.ഡി ഡോ. മനോജൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടി. ശരത്ചന്ദ്ര പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഡോ. പി. ചന്ദ്രമോഹൻ,​ ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. കെ. സാംബശിവൻ,​ കൗൺസിലർ സി.എസ്. സുജാദേവി,​ ഡി. അനിൽകുമാർ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അമ്പലത്തറ ചന്ദ്രബാബു സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. കെ. സുഗതൻ നന്ദിയും പറഞ്ഞു.