
തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗം നടത്താൻ ഭരണഘടനാപരമായ ബാദ്ധ്യതയുള്ള ഗവർണർ അവസാന ഖണ്ഡിക മാത്രം വായിച്ച് മടങ്ങിയത് നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമായാണ് നിയമസഭയിലുണ്ടായത്.
ഈ നാടകം തുടങ്ങിയിട്ട് കുറേക്കാലമായി. സർക്കാർ പ്രതിരോധത്തിലാകുമ്പോഴൊക്കെ ഗവർണർ രക്ഷിക്കാൻ ഇറങ്ങും. ഇവർ ഒന്നിച്ചാണ് കണ്ണൂർ സർവകലാശാലയിൽ ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തങ്ങൾ ചെയ്തത്. ഇപ്പോൾ പിണങ്ങിയത് എന്തിന്റെ പേരിലാണെന്ന് അറിയില്ല. നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ ഒരു വിമർശനവുമില്ല. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ പോകുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ ഭയന്ന് സമരം സമ്മേളനമാക്കി മാറ്റിയ ദയനീയ കാഴ്ചയാണ് കാണുന്നത്.
കേരളീയത്തെ കുറിച്ചും നവകേരള സദസിനെ കുറിച്ചും പറയുന്നുണ്ടെങ്കിലും സ്‌പോൺസർഷിപ്പും ചെലവും സംബന്ധിച്ച ഒരു വിവരങ്ങളുമില്ല. വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടു പോലും കണക്ക് നൽകിയിട്ടില്ല. കഴിഞ്ഞ ബഡ്ജറ്റിൽ ലൈഫ് മിഷന് 717കോടി അനുവദിച്ചിട്ട് 18കോടി മാത്രമാണ് ചെലവഴിച്ചത്. സപ്ലൈകോയിൽ 13ഇന അവശ്യസാധനങ്ങൾ പോലുമില്ല. സാമൂഹിക സുരക്ഷാ പെൻഷനുകൾ വിതരണം ചെയ്തിട്ട് ആറ് മാസമായി. പെൻഷൻ ലഭിക്കാതെ ആത്മഹത്യ ചെയ്ത സംഭവം വരെയുണ്ടായി. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മരുന്നും ഭക്ഷണവും ഇല്ലാതെ ലക്ഷക്കണക്കിന് പേരാണ് കഷ്ടപ്പെടുന്നത്.